കുറവിലങ്ങാട്: കരിഞ്ഞുണങ്ങിയ കാർഷികമേഖലയിൽ പുതുജീവൻ സമ്മാനിച്ച് വേനൽമഴ വീണ്ടുമെത്തി. ഈ മേഖലയിൽ രണ്ടു ദിവസം ശക്തമായ വേനൽമഴയാണ് ലഭിച്ചത്. ബുധനാഴ്ച രാത്രി പലയിടങ്ങളിലും ഒരുമണിക്കൂറോളം മഴ ലഭിച്ചു.
മുൻകാലങ്ങളിലേതുപോലെ കുംഭത്തിൽ കപ്പയിടാൻ കഴിഞ്ഞത് കർഷകർക്ക് സമ്മാനിച്ച ആവേശം ചെറുതല്ല. നാളെ മീനം പിറക്കാനിരിക്കെ പല കർഷകരും കാർഷിക അറിവുകളുടെ പിൻബലത്തിൽ ആവേശത്തോടെ കപ്പകൃഷിയിറക്കി കഴിഞ്ഞു. മീനത്തിൽ കപ്പയിട്ടാൽ വിളവ് മോശമെന്നാണ് കർഷകരുടെ കണക്ക്. എന്നാൽ മഴ ലഭിക്കാതിരുന്നതോടെ കൃഷിയിറക്കാൻ വഴിയില്ലാതിരിക്കുകയായിരുന്നു. ഇതിനിടയിലാണ് രണ്ടുമഴ ലഭിച്ചത്. ഇതിനു പിന്നാലെ സ്ഥലം ഒരുക്കിയിരുന്നവരും അല്ലാത്തവരും മീനം പിറക്കും മുൻപേ കപ്പകൃഷിയുടെ ആവേശത്തിലാണ്. വേനൽ കടുത്താൻ ചെറിയ നനയിൽ കപ്പയെ പിടിച്ചുനിറുത്താമെന്നതിനൊപ്പം വേനൽ മഴ തുടരുമെന്ന പ്രതീക്ഷയും ശക്തമാണ്.
കരിഞ്ഞുണങ്ങിയ ജാതിയടക്കമുള്ള മരങ്ങളൊക്കെ മഴയിൽ തലയുയർത്തി തുടങ്ങിയിട്ടുണ്ട്. പാടത്ത് കൃഷിനടത്തി വിളവെടുക്കാറായ കപ്പകൃഷിയടക്കമുള്ളവ ഭീഷണി നേരിടുന്നുവെന്നതും ശ്രദ്ധേയമാണ്. മഴ തുടർന്നാൽ കപ്പ പാടത്തുനിന്ന് പറിച്ചുനീക്കേണ്ടി വരും. കൂട്ടത്തോടെയുള്ള വിളവെടുപ്പ് വിലക്കുറവിന് വഴിതെളിക്കുമെന്ന ആശങ്കയും ഇല്ലാതില്ല.