പാലാ: സെന്റ് തോമസ് കോളജ് ബയോസ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ നേതൃത്വത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് പോസ്റ്റർ പ്രചാരണവും ബോധവത്കരണവും നടത്തി.
ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രതിരോധ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം അരുണാപുരത്ത് പാലാ നഗസഭാധ്യക്ഷ മേരി ഡൊമിനിക് നിർവഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർമാരായ ബിജു പാലൂപ്പടവിൽ, ഷെറിൻ തോമസ്, ബയോസ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തലവൻ ഡോ. കെ.കെ.ജോസ് എന്നിവർ പ്രസംഗിച്ചു. വ്യക്തിശുചിത്വം, സാനിട്ടേഷൻ, മാലിന്യ നിർമാർജനം തുടങ്ങിയവ സംബന്ധിച്ച് സർവേയും നടത്തി. നഗരസഭയിലെ 300 ഭവനങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ച് റിപ്പോർട്ട് നൽകുമെന്ന് വിദ്യാർഥി പ്രതിനിധികളായ മെൽബിൻ, അയിനേഷ്, എൽബിൻ, മഞ്ജു മരിയ, കൃഷ്ണ, ബ്രനിറ്റ്, ആൻ മരിയ എന്നിവർ അറിയിച്ചു. പരിപാടികൾക്ക് അധ്യാപകരായ ഡോ. കെ.കെ. ജോസ്, എം.എസ്. അനീനാ, ഡോ.അജിതാ സശി, അശ്വതി എം. നായർ എന്നിവർ നേതൃത്വം നൽകി.