കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഹാൻഡ് സാനിറ്റെസർ നിർമിച്ചു സിഎംഎസ് കോളജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ്. വൈറസ് ബാധ വ്യാപിച്ചതോടെ സാനിറ്റെസറുകൾക്ക് ക്ഷാമം നേരിട്ടതോടെയാണ് സിഎംഎസ് കോളജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആൽക്കഹോളിക് ഹാൻഡ് സാനിറ്റെസർ നിർമിക്കാൻ തീരുമാനിച്ചത്. ഇന്നലെ ഡിപ്പാർട്ടുമെന്റുകാർ കോളജിൽ ഒത്തുചേർന്നു സാനിറ്റെസർ നിർമാണം ആരംഭിക്കുകയായിരുന്നു. ഐസോ പ്രൊപ്പയർ ആൽക്കഹോൾ, അലോവേര ജെൽ, ഹൈഡ്രജൻ ബ്രോസൈഡ്, ലാവൻഡർ ഓയിൽ എന്നിവ ചേർത്താണ് ഹാൻഡ് സാനിറ്റെസർ നിർമിച്ചിരിക്കുന്നത്.
സാനിറ്റെസർ നിർമിക്കുന്നതിനു ഏറ്റവും കൂടുതൽ ചെലവ് വരുന്നതു ഐസോ പ്രൊപ്പയർ ആൽക്കഹോളിനും അവ നല്കുന്നതിനുള്ള കുപ്പികൾക്കുമാണ്. സർക്കാർ സൗജന്യമായി ഐസോ പ്രൊപ്പയർ ആൽക്കഹോൾ എത്തിച്ചു നല്കിയാൽ എല്ലാ കോളജുകളിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റുകൾക്കും സാനിറ്റെസർ നിർമിക്കാനും അതുവഴി ഇതിന്റെ ക്ഷാമം പരിഹരിക്കാനും കഴിയുമെന്ന് കെമിസ്ട്രി ഡിപ്പാർട്ട്മെന്റുകാർ പറയുന്നു.
50 മില്ലിയ്ക്കു 20 രൂപ നിരക്കിലാണ് സാനിറ്റെസർ വില്പന നടത്തുന്ന്. കെമിസ്ട്രി വിഭാഗം മേധാവി പ്രഫ. അജിതാ ചാണ്ടി, ഡോ. വിപിൻ തോമസ്, പ്രഫ. ഷീനു പീറ്റർ, ഡോ. സുനീഷ് അനധ്യാപകരായ സിജോ, അജി, അനൂപ്, എംഎസ്സി കെമിസ്ട്രി വിദ്യാർഥികളും ചേർന്നാണ് ഹാൻഡ് സാനിറ്റെസർ നിർമിച്ചത്.