കോട്ടയം: നാടെങ്ങും കൊറോണ വൈറസ് ഭീതി പടരുന്പോൾ ഭീതിയകറ്റാൻ ജാഗ്രതയോടെ സ്വയം മാതൃകയാകുകയാണു പാലായിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിലെ ഓട്ടോ സ്റ്റാൻഡിലെ 20 തൊഴിലാളികളാണ് അനുകരണീയമായ മാതൃകയുമായി വന്നിരിക്കുന്നത്.
ദിനംപ്രതി നിരവധിയാളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായുള്ള ഓട്ടത്തിനിടയിൽ അവരുടെ ഉച്ഛ്വാസവായു ശ്വസിക്കുന്നു. കൂടാതെ ഇവർ തരുന്ന നോട്ടുകൾ വാങ്ങുന്നു.
വൈറസ് പകരാൻ ഏറെ സാധ്യതയുള്ള രണ്ടു സാഹചര്യങ്ങളാണ് ദിവസവും ഇവർ അനുഭവിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി സ്റ്റാൻഡിലെ മുഴുവൻ തൊഴിലാളികളും മാസ്ക് ധരിച്ചാണ് ഓട്ടം പോകുന്നത്. ഓരോ ഓട്ടം പോയി വരുന്പോഴും സോപ്പ് ഉപയോഗിച്ച് കൈ കഴുകും. ഇതിനായി സ്റ്റാൻഡിന്റെ മധ്യത്തിൽ ബക്കറ്റിൽ വെള്ളവും ഹാൻഡ് വാഷും സോപ്പും വച്ചിട്ടുണ്ട്. കൊറോണയ്ക്കെതിരെയുള്ള ബോധവത്കരണത്തെ ആവേശപൂർവം ഏറ്റെടുത്തിരിക്കുന്ന ഈ ഓട്ടോക്കാർ സമൂഹത്തിനാകെ മാതൃകയാകുകയാണ്.