കോട്ടയം : മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ പ്രഫഷണൽ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വലിയ ഉത്തരവാദിത്തമണെന്ന് തോമസ് ചാഴികാടൻ എം.പി. കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ആസ്കിന്റെയും വനിതാ - ശിശു വികസന വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണത്തിന്റെയും വനിതാ ദിനാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷത വഹിച്ചു. യുകെയിലെ ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കാപ്സ് വർക്കിംഗ് പ്രസിഡന്റ് ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ കെ.വി. ആശാമോൾ, കാപ്സ് ട്രഷറർ എം.ബി. ദിലീപ്കുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോണ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി.പി. ചന്ദ്രബോസ്, ഡോ. ഐപ്പ് വർഗീസ്, സജോ ജോയി, ജയ്സണ് ഫിലിപ്പ് ആലപ്പാട്ട്, സിസ്റ്റർ ശാലിനി സിഎംസി, എസ്. പ്രശാന്ത്, എലിസബത്ത് അലക്സാണ്ടർ, ഡോ. ജോസഫ് സെബാസ്റ്റ്യൻ, ജോയി മാത്യു, സിസ്റ്റർ അഞ്ജിത എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലയിൽനിന്നു ഡോ. ചെറിയാൻ പി. കുര്യൻ, ബിനോയ് കട്ടയിൽ ജോർജ്, മീര ഹരികൃഷ്ണൻ, ആഷില ആൻ മാത്യു, എൻ. മുഹമ്മദ് ഷാലിഖ്, ടീന ജോസഫ് എന്നിവരെ പുരസ്കാരം നല്കി ആദരിച്ചു. വൈകുന്നേരം കളക്ടറേറ്റിൽനിന്നു തിരുനക്കരയിലേക്ക് നടത്തിയ ബോധവത്കരണ സന്ദേശ യാത്രയും നടത്തി. തിരുനക്കരയിൽ നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം തഹസീൽദാർ പി.ജി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. സോഷ്യൽ വർക്ക് കോളജുകളിലെ വിദ്യാർഥികൾ ഫ്ളാഷ് മോബും തെരുവ് നാടകവും ഉണ്ടായിരുന്നു.