പാലാ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ 200 മീറ്ററിലും 400 മീറ്ററിലും സ്വർണം നേടി അറുപത്തിമൂന്നുകാരനായ മുത്തോലപുരം സ്വദേശി പാലത്തുംതലക്കൽ പി.ഡി. തങ്കച്ചൻ മിന്നും പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ വർഷം 400 മീറ്ററിലും 800 മീറ്ററിലും സ്വർണം നേടിയ തങ്കച്ചൻ തെലുങ്കാനയിലെ ഗുണ്ടൂരിൽ നടന്ന നാഷണൽ ചാന്പ്യൻഷിപ്പിലും ഇരട്ട സ്വർണം നേടിയിരുന്നു. മലേഷ്യയിലെ കുലാലംപൂരിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിന് സെലക്ഷൽ ലഭിച്ചെങ്കിലും പനിയെതുടർന്ന് മത്സരത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല.
ദിവസവും രാവിലെ 35 കിലോമീറ്റർ യാത്ര ചെയ്ത് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ എത്തിയാണ് പരിശീലനം. രാവിലെ ആറിന് സ്റ്റേഡിയത്തിൽ എത്തുന്ന തങ്കച്ചൻ 8.30 വരെ മറ്റ് കായികതാരങ്ങൾക്കൊപ്പം പരിശീലനം നടത്തും. മാസ്റ്റേഴ്സ് മീറ്റിലെ 200, 400 മീറ്റർ ഇനങ്ങളിലെ സംസ്ഥാന, ദേശീയ റിക്കാർഡുകൾ സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തങ്കച്ചൻ പറയുന്നു.
1983 ൽ കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിൽ നിന്നും പഠനം പൂർത്തിയാക്കി 1984 മുതൽ കായികാധ്യാപകനായി സേവനം ചെയ്ത് 2010 ൽ ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ നിന്നും സർവീസിൽ നിന്നും വിരമിച്ചു. തന്റെ ചിട്ടയായ കായിക പരിശീലനം ആരോഗ്യവും മാനസിക ഉന്മേഷവും നിലനിർത്തുവാൻ ഏറെ ഉപകരിക്കുന്നുവെന്ന് തങ്കച്ചൻസാർ പറയുന്നു. ഗവ. ടിടിഐയിൽ നിന്നും പ്രിൻസിപ്പലായി റിട്ടയർ ചെയ്ത മേഴ്സിയാണ് ഭാര്യ. ഏകമകൾ കൃപ.