കണ്ണൂർ: പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു കോൺഗ്രസ്-ലീഗ് പാർട്ടികളിൽ ഉരുത്തിരിഞ്ഞ ചേരിതിരിവിനും തർക്കത്തിനും പരിഹാരമാകുന്നു. മുൻ കോൺഗ്രസ് നേതാവും കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിച്ച് കോർപറേഷൻ ഡെപ്യൂട്ടി മേയറാവുകയും ചെയ്ത പി.കെ.രാഗേഷിന് സ്വാധീനമുള്ളതുമായ ബാങ്ക് യുഡിഎഫ് ആണ് ഭരിക്കുന്നത്. ബാങ്കിലെ ജീവനക്കാരനായ ലീഗിലെ ബി.കെ. ഹാരിസിനെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ലീഗ്-കോൺഗ്രസ് ബന്ധം വഷളായിരുന്നു. നിലവിൽ കോർപറേഷനിലെ ലീഗിന്റെ വനിതാ കൗൺസിലറുടെ ഭർത്താവാണ് ഹാരിസ്. ഹാരിസിനെ തിരിച്ചെടുക്കാൻ ലീഗ് സമ്മർദം ചെലുത്തിയിരുന്നെങ്കിലും പി.കെ.രാഗേഷിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാവാഞ്ഞത് ലീഗിനെ ചൊടിപ്പിച്ചിരുന്നു. പി.കെ. രാഗേഷ് പിന്നീട് കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ച വേളയിൽ കോർപറേഷൻ വിഷയത്തിൽ ലീഗ് വ്യത്യസ്ത നിലപാടിലേക്ക് നീങ്ങുമെന്ന അവസ്ഥവരെ ഉടലെടുത്തിരുന്നു. ഇതേ തുടർന്ന് കെ. സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പി.കെ. രാഗേഷ് നിലപാട് മയപ്പെടുത്തിയത്. ഹാരിസിനെയും പുറത്താക്കപ്പെട്ട കെ. രൂപേഷ് എന്നിവരെയും തിരിച്ചെടുക്കാൻ തീരുമാനമായിട്ടുണ്ട്. 20ന് നടക്കുന്ന കോടതി നടപടിക്കു ശേഷം ഇരുവരെയും തിരിച്ചെടുക്കാനാണ് ധാരണ.