ഇരിട്ടി: മലയോര മേഖലയിലെ പാടശേഖരങ്ങളിൽ കതിര് കൊയ്യാന്‍ ആളില്ലാതെ നെൽക്കൃഷിക്കാര്‍ ദുരിതം പേറുന്നു. ഞാര്‍ നടീല്‍ സമയത്തും കൊയ്ത്തു സമയത്തും ഇതു തന്നെയാണ് സ്ഥിതി. തൊഴിലാളി ക്ഷാമം കാരണം രണ്ട് വിള ഇറക്കിയ പാടത്ത് ഇപ്പോള്‍ ഒരറ്റ വിള മാത്രമെ ഇറക്കുന്നുള്ളു .മലയോര മേഖലയിലെ മിക്ക പാടശേഖരങ്ങളിലേയും സ്ഥിതി ഇതുതന്നെ. ആറളം, പായം, മുഴക്കുന്ന് പഞ്ചായത്തുകളിലെ ചെറുകിട കര്‍ഷകരാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്ക് ആളുകളെ ഏറെ കിട്ടുന്ന നാട്ടിലാണ് നെൽക്കതിര് കൊയ്യാന്‍ ആളില്ലാതെ നെല്കൃഷിക്കാര് അലയുന്നത്.
നെല്‍ക്കൃഷി മെച്ചപ്പെടുത്താന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതിന് നടപടിയെടുത്തിട്ടുണ്ടെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഒരു വര്‍ഷം മുന്‍പ് കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. തൊഴിലാളി ക്ഷാമം കാരണം നെല്‍ക്കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റി നല്കിയ പരാതിയില്‍ രേഖാമൂലം നല്കിയ മറുപടിയിലായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാല്‍ വിതയ്ക്കുന്നതിനും കൊയ്യുന്നതിനും തൊഴിലുറപ്പ് പദ്ധതിയിൽ അനുമതിയില്ലെന്നാണ് മലയോരത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നത്. കര്‍ഷകനെ പാടത്ത് നിലനിര്‍ത്താന്‍ തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.