ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ നറുക്കുംചീത്തയിൽ കാലിനു പരിക്കേറ്റ് കൃഷിയിടത്തിൽ അകപ്പെട്ട കൊമ്പനാനയെ ചികിത്സയ്ക്കായി മുത്തങ്ങയിലേക്ക് കൊണ്ടുപോയി. ബത്തേരിയിൽനിന്നെത്തിയ എലഫന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രിയോടെ ആനയെ കൊണ്ടുപോയത്. വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കുത്തിവയ്പ് നൽകി മയക്കിയശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ട്രക്കിലാക്കിയാണ് കൊണ്ടുപോയത്. ആന കിടന്നിരുന്ന സ്ഥലത്തേക്ക് റോഡ് സൗകര്യം ഇല്ലാതിരുന്നതിനാൽ ജെസിബി ഉപയോഗിച്ച് താത്കാലികമായി റോഡൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. ഫോറസ്റ്റ് റേഞ്ചർ ജയപ്രകാശിന്റെ നേതൃത്വത്തിൽ വനപാലകർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കാടു തെളിക്കാനെത്തിയ തൊഴിലാളികൾ ആനയെ അവശനിലയിൽ കണ്ടത്. ആദ്യം കിടന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്ററോളം ദൂരേക്ക് നിരങ്ങി നീങ്ങിയ ആന പയ്യാവൂർ പഞ്ചായത്തംഗം സജൻ വെട്ടുകാട്ടിലിന്റെ കൃഷിയിടത്തിലെത്തുകയായിരുന്നു. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആനയുടെ ഇടുപ്പെല്ലിനും നട്ടെല്ലിനും പരിക്കേറ്റതായി കണ്ടെത്തിയതിനെത്തുടർന്ന് വനത്തിനുള്ളിലേക്ക് കയറ്റിവിടാൻ കഴിയാത്ത അവസ്ഥയായതിനാലാണ് മുത്തങ്ങയിലേക്കു കൊണ്ടുപോയത്.