ചെന്പേരി: മലയോര മേഖലയിലെ ടിന്പർ ലോഡിംഗ് തൊഴിലാളികൾ അനിശ്ചിതമായി തുടരുന്ന പണിമുടക്ക് സമരം അന്യായമാണെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ. ഏരുവേശി, പയ്യാവൂർ, ഇരിക്കൂർ, ശ്രീകണ്ഠപുരം, മലപ്പട്ടം, ചെങ്ങളായി, കുറുമാത്തൂർ തുടങ്ങിയ മലയോര ഗ്രാമപഞ്ചായത്തുകളിലെ ടിന്പർ ലോഡിംഗ് തൊഴിലാളികളാണ് അന്യായമായ കൂലി വർധന ആവശ്യപ്പെട്ട് ഫെബ്രുവരി 17 മുതൽ പണിമുടക്ക് തുടരുന്നതെന്ന് മരം വ്യാപാരികൾ കുറ്റപ്പെടുത്തുന്നത്. ഇതുമൂലം പ്രദേശത്തെ മരം വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും നിരവധി കുടുംബങ്ങൾ കടുത്തസാന്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. മേഖലയിലെ വിവിധയിടങ്ങളിൽ മുറിച്ചിട്ട മരങ്ങൾ കയറ്റിക്കൊണ്ടുപോകാനാകാതെ നശിക്കുന്ന അവസ്ഥയിലായിട്ടുണ്ട്. മരം മുറിക്കുന്നവരും മുറിച്ചിടുന്നയിടങ്ങളിൽ നിന്നു വാഹനമെത്തുന്നയിടങ്ങളിലേക്കു ചുമന്നുകൊണ്ടുവന്നിടുന്നവരും കൂലിവർധന ആവശ്യപ്പെടാത്തപ്പോൾ മരം വാഹനത്തിൽ കയറ്റുന്ന അനായാസ ജോലി ചെയ്യുന്നവർ മാത്രമാണ് കൂലി കൂടുതൽ ആവശ്യപ്പെട്ട് സമരം ചെയ്യുന്നതെന്നാണു വ്യാപാരികൾ പറയുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മരങ്ങളും കെട്ടിട നിർമാണ ഉരുപ്പടികളും ലഭ്യമാകുന്നതിനാൽ ഇപ്പോൾ തദ്ദേശീയ മരക്കച്ചവടം ഏറെയും ലാഭകരമല്ലത്രെ. സംഘടിത തൊഴിലാളികളായവർ പണിയില്ല, കൂലിയില്ല എന്നു വരുത്തി വിഹിതമടയ്ക്കാതെ ക്ഷേമനിധി ബോർഡിനെ കബളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണീ സമരമെന്നും വ്യാപാരികൾ ആരോപിക്കുന്നു. ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും തൊഴിലാളി യൂണിയൻ നേതൃത്വവും ഈ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കാൻ അടിയന്തരമായി ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറാവണമെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.