ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ വളക്കൈയിൽ ഓട്ടോ ടാക്സി തട്ടി കാട്ടുപന്നി ചത്തു. അപകടത്തിൽ ഓട്ടോ ടാക്സിയുടെ മുൻഭാഗം തകർന്നു.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെ വളക്കൈ പാലത്തിന് സമീപമായിരുന്നു സംഭവം. കാട്ടുപന്നി റോഡിനു കുറുകേ ഓടിപ്പോകുന്നതിനിടെ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ചാണു നിന്നത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.
പന്നിക്ക് വെടിയേറ്റതായി നാട്ടുകാർ ആക്ഷേപമുന്നയിച്ചതിനെ തുടർന്ന് വെറ്ററിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും വെടിയേറ്റതായി കണ്ടെത്താൻ കഴിഞ്ഞില്ല. പന്നിയുടെ ജഡം സംസ്കരിച്ചു. വളക്കൈ, കിരാത്ത്, ചുള്ളിയോട് ഭാഗങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം രൂക്ഷമാണ്.