ചെറുപുഴ: പരാതിയെത്തുടർന്ന് ഇടയ്ക്ക് നിർമാണം നിർത്തിവച്ച കാനംവയൽ പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഇതു സംബന്ധിച്ച് കരാറുകാരന് സ്ഥലം സന്ദർശിച്ച തിരുവനന്തപുരത്ത് നിന്നുള്ള പഞ്ചായത്ത് ചീഫ് എൻജിനിയർ എം.വി. രാജൻ നിർദേശം നൽകി.
തർക്കത്തെത്തുടർന്ന് കാര്യങ്കോട് പുഴയുടെ കുറുകെയുള്ള ഈ പാലത്തിന്റെ നിർമാണം നിർത്തിവച്ചിരിക്കുകയായിരുന്നു. കാനംവയൽ കോളനിയിൽ അനുവദിച്ച പാലം സമീപവാസികൾക്കു കൂടി ഉപകാരപ്രദമാകും വിധം അനുയോജ്യമായ ഭാഗത്ത് നിർമിക്കണമെന്നും പരിസ്ഥിതി ആഘാതപഠനം നടത്താതെ നിർമാണത്തിന് അനുമതി നൽകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കാനംവയൽ സ്വദേശി ഷിബു രാജൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇത് പരിഗണിച്ച കോടതി സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
കളക്ടറുടെ നിർദേശപ്രകാരം സീനിയർ സൂപ്രണ്ട് സി.കെ. നജീബിന്റെ നേതൃത്വത്തിലുള്ള സംഘം കോളനി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി കളക്ടർക്കു കൈമാറിയിരുന്നു.
കോളനി നിവാസികൾ മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം കാനംവയൽ കോളനി സന്ദർശിച്ചത്. കോളനി നിവാസികൾ, സമീപ വാസികൾ, ജനപ്രതിനിധികൾ എന്നിവരുമായി ചീഫ് എൻജിനിയറും സംഘവും കൂടിക്കാഴ്ച നടത്തി.
ഉത്തരമേഖല സൂപ്രണ്ടിംഗ് എൻജിനിയർ കെ. അലി, എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്. ബിനോയി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി. രാജീവൻ, പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, ബ്ലോക്ക് പഞ്ചായത്തംഗം സി. സത്യപാലൻ, സെക്രട്ടറി ഡി.എൻ. പ്രമോദ്, എൻജിനിയർ എൻ.കെ. ഫിറോസ് മോൻ, പഞ്ചായത്തംഗങ്ങളായ വി. രാജൻ, ലാലി തോമസ്, കെ.കെ. ജോയി, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.