പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വളയങ്ങാട് പാടശേഖര സമിതി വിഷരഹിതമായി ഉത്പാദിപ്പിച്ച അരി പേരാവൂർ റൈസ് എന്ന പേരിൽ വിപണിയിലിറക്കി. പഞ്ചായത്ത് ഭരണസമിതിയുടെയും കർഷക കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ പേരാവൂരിൽ പുതിയൊരു കാർഷിക സംസ്കാരത്തിന് തുടക്കംകുറിച്ചു കൊണ്ട് വളയങ്ങാട് പാടശേഖരത്തിൽ ഉത്പാദിപ്പിച്ച മൂന്ന് ടണ്ണോളം വരുന്ന അരിയാണ് ഇപ്പോൾ വിപണിയിലെത്തിയത്.
കിലോഗ്രാമിന് 65 രൂപ നിരക്കിൽ ജ്യോതി അരിയും 55 രൂപ പ്രകാരം കുഞ്ഞുകുഞ്ഞ് അരിക്കും പുറമെ പച്ചനെല്ല് കുത്തിയ അരിയും 65 രൂപ നിരക്കിൽ ലഭ്യമാണ്. ആവശ്യക്കാർക്ക് 70 രൂപ നിരക്കിൽ യഥേഷ്ടം തവിടു കളയാത്ത അരിയും ലഭ്യമാണ്.തനി നാടൻ വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്.
പേരാവൂർ പഞ്ചായത്തിലുള്ള അഞ്ച് പാടശേഖരങ്ങളിലൊന്നായ വളയങ്ങാട് പാടശേഖരത്തിലായിരുന്നു കൃഷി. നാലു വർഷം മുമ്പ് ഒന്നാം വിളമാത്രമുണ്ടായിരുന്ന ഈ പാടശേഖരത്തിൽ പഞ്ചായത്തിന്റെ ശ്രദ്ധ പതിഞ്ഞതോടെ ഇന്ന് രണ്ടാം വിളയും യാഥാർഥ്യമാക്കുകയായിരുന്നു. ആറ് ഹെക്ടറോളം വരുന്ന പാടശേഖരത്തിലാണ് കൃഷിയിറക്കിയത്. കർഷകർക്ക് വേണ്ട സൗകര്യങ്ങൾ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലൊരുക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തി. കൃഷി ഓഫീസർ ഡോണ സ്കറിയ കർഷകർക്ക് വേണ്ട ശാസ്ത്രീയമായ മാർഗ നിർദേശങ്ങൾ നൽകി. 10 കിലോഗ്രാം പായ്ക്കറ്റിലും പേരാവൂർ റൈസ് വിപണിയിൽ ലഭിക്കും. പഞ്ചായത്തിന്റെ കുടുംബശ്രീ ഹെൽപ്പ് ഡെസ്കിലും സിഡിഎസുമായി ബന്ധപ്പെട്ടാലും അരി ലഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ ഗുണമേന്മയുള്ളതും വിഷരഹിതവുമായ അരിയുടെ ഉത്പാദനവും വിപണനവും പേരാവൂർ പഞ്ചായത്തിലാണെങ്കിലും തുടർന്ന് പേരാവൂർ ബ്ലോക്ക് മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.