ഇരിട്ടി: കൊറോണ വൈറസ് ( കോവിഡ് -19 ) രോഗ ബാധയ്ക്കെതിരേ കർണാടകയിലെ കുടക് ജില്ലയിലും മുൻകരുതൽ നടപടികൾ കർശനമാക്കി. മടിക്കേരി ജില്ലാ ആശുപത്രിയിലും വീരാജ്പേട്ട താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചു. 14 ന് തുടങ്ങേണ്ട സ്കൂൾ പരീക്ഷകൾ നേരത്തെയാക്കി. അതിർത്തി ചെക്ക്പോസ്റ്റുകളിലേക്ക് മെഡിക്കൽ സംഘത്തെയും നിയോഗിച്ചു. ഐസൊലേഷൻ വാർഡുകൾ തുറന്നെങ്കിലും ഇതുവരെ സംശയ സാഹചര്യത്തിൽ പോലും ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ല. അതിർത്തി കടന്ന് കുടകിലേക്ക് പ്രവേശിക്കുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കും ബോധവത്കരണ നോട്ടീസ് നൽകുന്നുണ്ട്. കേരളത്തിന് അതിരിടുന്ന പ്രദേശമെന്ന നിലയിൽ മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിനോടനുബന്ധിച്ച് കുട്ടന്തി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.അനുഷ, എൽഎച്ചവി പി.യു. ദമയന്തി, സ്റ്റാഫ് നഴ്സ് എം.വി. കാമിനി, ആശാ വർക്കർമാരായ എസ്.രശ്മി, എച്ച്.ബി.ശാന്തി, എംഎച്ച് വി എസ്.എസ്.നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാന്പ് ചെയ്യുന്നത്. പരിഭ്രാന്തരാകരുത്, പരിരക്ഷിക്കുക എന്ന തലക്കെട്ടോടെ ഇംഗ്ലീഷിലും കന്നഡയിലുമുള്ള ലഘുലേഖകളാണ് എല്ലാ യാത്രക്കാർക്കും നൽകുന്നത്. രോഗബാധയുടെ അടയാളങ്ങൾ, ചികിത്സകൾ, പകരുന്ന രീതി, ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ എന്നിങ്ങനെ വിശദമാക്കിയിട്ടുണ്ട്. മലയാളത്തിലുള്ള ലഘുലേഖ കേരളക്കാർ അതിർത്തിയിൽ ഇതേവിധം നൽകിയാൽ നന്നായിരുന്നേനെയെന്ന് സംഘം അഭിപ്രായപ്പെട്ടു. കാരണം യാത്രക്കാരിൽ നല്ലൊരു ശതമാനം മലയാളം മാത്രം അറിയാവുന്നവരാണ്. അവർക്ക് ഇത് തിരിയുന്നില്ല. കർണാടകത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറും ലഭ്യമാക്കി.