പയ്യാവൂർ: ലോകാരോഗ്യ സംഘടനയുടെ 2020-ലെ ആപ്തവാക്യമായ "നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വർഷം' എന്നതിനെ ആസ്പദമാക്കി കണ്ണൂർ ഗവ. നഴ്സിംഗ് സ്കൂളിലെ മൂന്ന്, നാല് ബാച്ച് നഴ്സിംഗ് വിദ്യാർഥികൾ നാല് പതിറ്റാണ്ടിനു ശേഷം തങ്ങളുടെ മാതൃസ്ഥാപനത്തിൽ ഒത്തുചേർന്നു. ഗവ. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ലൈല ഭാമത്ത് അധ്യക്ഷത വഹിച്ച സംഗമത്തിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു 1980 -81 വർഷങ്ങളിൽ പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികൾ ഹെഡ് നഴ്സ്, നഴ്സിംഗ് സൂപ്രണ്ട്, വിദേശ രാജ്യങ്ങളിലെ ഉയർന്ന നഴ്സിംഗ് തസ്തികകൾ ഉപരിപഠനങ്ങൾക്കു ശേഷം നഴ്സിംഗ് ട്യൂട്ടർ, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ, എംസിഎച്ച് ഓഫീസർ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ എന്നീ മേഖലകളിൽ നിന്നു വിരമിച്ചവരായിരുന്നു. എ.വിനോദ്, ഏലിയാമ്മ ഏബ്രഹാം, ഗിരിജാകുമാരി, സത്യഭാമ, ലളിത, പി.എം.നാരായണൻ, ഡോ. പവിത്രൻ രയരോത്ത്, കെ.സി.വത്സ എന്നിവർ പ്രസംഗിച്ചു. നഴ്സിംഗ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.