തളിപ്പറമ്പ്: ഹോളി ആഘോഷത്തിന്റെ പേരിൽ റോഡ് തടസപ്പെടുത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത 25 പേരെ പോലീസ് അറസ്റ്റ്ചെയ്തു. സയ്യിദ് നഗറിലെ സി.കെ. സിനാജ് (20), മുയ്യത്തെ അന്‍സാജ് (20), ഫാറൂഖ്നഗറിലെ സി.പി. ആദില്‍ (20), നാറാത്തെ മുഹമ്മദ് ഷഹബാന് (21), മാതമംഗലത്തെ സാജിദ് (20) എന്നിവർ ഉൾപ്പെടെ 25 പേരെയാണ് ഐപിസി 283 പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നൂറിലേറെ വിദ്യാര്‍ഥികളാണ് ചൊവ്വാഴ്ച കോളജ് പരിസരത്ത് ഹോളി ആഘോഷത്തിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. രാത്രി എട്ടുവരെ നീണ്ട ആഘോഷങ്ങള്‍ റോഡ് തടസപ്പെടുത്തുന്ന വിധത്തിലേക്ക് വഴിമാറിയതോടെയാണ് പോലീസ് ഇടപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും വിദ്യാർഥികൾ ഇതു കൂട്ടാക്കാതെ മാര്‍ഗതടസം സൃഷ്ടിക്കുകയും റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടയുകയും ചെയ്തതോടെയാണ് പോലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ്ചെയ്തത്.