കണ്ണൂർ: സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രതിരോധനടപടികൾ ഊർജിതമാക്കി. ജില്ലയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു. ഏതൊരു അടിയന്തരഘട്ടവും നേരിടാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സജ്ജമാണ്. ജില്ലാ ആശുപത്രിയിൽ 15 കിടക്കകളും തലശേരി ജനറൽ ആശുപത്രിയിൽ 25 കിടക്കകളും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 30 കിടക്കകളും ഐസിയു സൗകര്യത്തോടുകൂടിയുള്ള ആറു കിടക്കകളും ഐസൊലേഷൻ വാർഡിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യം വരികയാണെങ്കിൽ ജില്ലാ ആശുപത്രിയിൽ ഐസൊലേഷനായി 13 മുറികളും ജനറൽ ആശുപത്രിയിൽ 15 മുറികളും സജ്ജീകരിക്കും. നിലവിൽ ആറുപേർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും 163 പേർ വീടുകളിലുമായി ആകെ 170 പേർ ജില്ലയിൽ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്. ഇതുവരെയായി 40 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 24 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നു മെഡിക്കൽ ടീമുകൾ രണ്ടു ഷിഫ്റ്റുകളിലായി ജോലിചെയ്തുവരുന്നു. ഇന്നലെ രാത്രിയും ഇന്നുമായി 897 യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കോവിഡ്-19 റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നുമെത്തുന്ന എല്ലാവരും അതത് പ്രദേശത്തെ സർക്കാർ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ മെഡിക്കൽ ഓഫീസിലോ (ആരോഗ്യം) നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതും 28 ദിവസം പൊതുജനസന്പർക്കമില്ലാതെ വീടുകളിൽ കഴിയേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ കണ്ട്രോൾ സെല്ലിലെ ഫോണ് നന്പറുകൾ: 0497 2713437, 2700194.