പയ്യന്നൂര്‍: ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് വഴിയാത്രികരായ രണ്ടുപേര്‍ക്കു പരിക്കേറ്റു. വയനാട് പുല്‍പ്പള്ളിയിലെ പാലിക്കാത്തട്ട് ഹൗസില്‍ റംഷീദ് (26), അമ്പലപ്പുഴ തൃക്കുന്നപുഴയിലെ സാജിത (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്കു ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 12.45ഓടെ പെരുമ്പ പാലത്തിന് സമീപമാണ് അപകടം. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവര്‍ സഹപ്രവര്‍ത്തകരോടൊത്ത് ശാന്തി കാര്‍ണിവല്‍ തിയേറ്ററില്‍നിന്നും സിനിമ കണ്ട് തിരിച്ചുവരുമ്പോഴാണ് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചത്.
ടയറിന്റെ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരെ കൂടെയുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ എസ്ഐ മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിര്‍ത്താതെ പോയ ടാങ്കറിനെപിന്തുടര്ന്ന് ഏഴിലോട് നിന്നും പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.