കണ്ണൂർ: കോവിഡ് 19 വൈറസ് ബാധ ലക്ഷണത്തെ തുടര്‍ന്ന് 170 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍. ആറുപേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 163 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 40 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 24 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിദേശത്തുനിന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് മെഡിക്കല്‍ സംഘങ്ങള്‍ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്തുവരുന്നു. ഇന്നലെ 897 യാത്രക്കാരെ ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലാ ആശുപത്രിയില്‍ 15 ഉം തലശേരി ജനറല്‍ ആശുപത്രിയില്‍ 25 ഉം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 30 ഉം കിടക്കകളും ഐസിയു സൗകര്യത്തോടുകൂടിയുള്ള ആറു കിടക്കകളും ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മുൻകരുതൽ നടപടികൾ
രോഗികളുമായി ഇടപെടുന്നതിനാൽ രോഗം വരാൻ സാധ്യതയുള്ളവർ മാത്രമേ മാസ്ക്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കേണ്ടതുള്ളൂ. പൊതുജനങ്ങളുമായി വ്യാപകമായി സന്പർക്കത്തിലേർപ്പെടുന്ന ബസ് കണ്ടക്ടർമാർ, ട്രെയിൻ ടിക്കറ്റ് എക്സാമിനർമാർ, ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുന്നവർ എന്നിവർ മാസ്ക് ധരിക്കുന്നത് ഉത്തമമമായിരിക്കും.
വ്യക്തിശുചിത്വം പരമപ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കൻഡോളം കൈകൾ കഴുകണം. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായയും അടച്ചുപിടിക്കുക. കഴുകാത്ത കൈകൾകൊണ്ടു കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. ആളുകൾ കൂടുതലായി ഒത്തുചേരാനിടയുള്ള മേളകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവയിൽനിന്ന് പരമാവധി വിട്ടുനിൽക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക, പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഉടൻ ഡോക്ടറെ കാണുക, തെറ്റായതും തെറ്റിദ്ധാരണയുളവാക്കുന്നതുമായ സന്ദേശങ്ങൾ ഒരുകാരണവശാലും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം.