കാസർഗോഡ്: ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ കാഞ്ഞങ്ങാടുള്ള ഒരുലോഡ്ജില്നിന്ന് കഞ്ചാവും പ്രതികളെയും പിടികൂടി. നിരവധി കേസുകളില്‍പ്പെട്ട നാലു സാമൂഹ്യവിരുദ്ധരെയും കാസര്‍ഗോഡ് ലോഡ്ജില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരും. ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ വിവരം കൃത്യമായി രജിസ്റ്ററില്‍ സൂക്ഷിച്ചില്ലെങ്കില്‍, സ്ഥാപന നടത്തിപ്പുക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി സാമൂഹവിരുദ്ധ പ്രവൃത്തികളും ലഹരി ഉത്പന്നങ്ങളുടെ കച്ചവടവും ഉപയോഗവും നടക്കുന്നുണ്ടെന്നുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഓരോ സ്ഥലത്തേയും തെരഞ്ഞെടുത്ത ലോഡ്ജുകളിലാണ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളില്‍ പരിശോധനയ്ക്ക് കാസര്‍ഗോഡ് ഡിവൈഎസ്പിയും കാസര്‍ഗോഡ് ടൗണില്‍ എസ്എംഎസ് ഡിവൈഎസ്പിയും ചെര്‍ക്കള, കളനാട് ഭാഗങ്ങളില്‍ ഡിവൈഎസ്പി നാര്‍ക്കോട്ടിക്ക് സെല്ലും ഉദുമ, ബേക്കല്‍, പള്ളിക്കര ഭാഗങ്ങളില്‍ ഡിസിആര്‍ബി ഡിവൈഎസ്പിയും കാഞ്ഞങ്ങാട് ടൗണില്‍ ഡിവൈഎസ്പി സി ബ്രാഞ്ചും നീലേശ്വരം, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ ഡിവൈഎസ്പി കാഞ്ഞങ്ങാടും പരിശോധനയ്ക്ക് നേതൃത്വം നല്കി .