നീലേശ്വരം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി നീലേശ്വരം നഗരസഭയിൽ പ്രത്യേക അടിയന്തര യോഗം ചേർന്നു. നഗരസഭാ കൗൺസിലർമാരോടൊപ്പം നഗരസഭാ പരിധിയിലെ അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപ്രതി മെഡിക്കൽ ഓഫീസർമാർ, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്മാർ, കുടുംബശ്രീ പ്രതിനിധികൾ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇതരസംസ്ഥാന അതിഥി തൊഴിലാളികളുടെ പാർപ്പിട സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ബോധവത്കരണ പരിപാടികളും മത്സ്യബന്ധന തൊഴിലാളികൾക്ക് ആരോഗ്യ പരിശീലനവും നൽകും . വൃദ്ധസദനങ്ങളിൽ ആവശ്യമായ ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾ താലൂക്ക് ആശുപത്രി സഹകരണത്തോടെ നഗരസഭ നടത്തും. കൊറോണ വൈറസ് പ്രതിരോധത്തെ സംബന്ധിച്ച് സംശയ നിവാരണത്തിനായി നീലേശ്വരം താലൂക്ക് ആശുപത്രിയിലും നീലേശ്വരം നഗരസഭാ ഓഫീസിലും ഹെൽപ്പ് ഡെസ്ക്കും ഇൻഫർമേഷൻ കൗണ്ടറും ആരംഭിക്കും. ഇതു സംബന്ധിച്ച് ചേർന്ന ആലോചനായോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ കെ.പി. ജയരാജൻ രൂപരേഖ അവതരിപ്പിച്ചു. താലൂക്ക് ആശുപ്രതിയിലെ ഡോ. വി. സുരേശൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. സുബൈർ എന്നിവർ ചർച്ചകൾ ക്രോഢീകരിച്ചു. ജെഎച്ച്ഐ ടി .വി , രാജൻ സ്വാഗതവും പിആർഒ ബി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു . സംശയ നിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ : 9947817675 , 9447716090 , 9446080827 , 9400106817.