തൃക്കരിപ്പൂർ: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂരിലെ വൈദ്യുതി സെക്ഷൻ ഓഫീസിന് കെട്ടിടം നിർമിക്കാൻ 67 ലക്ഷം അനുവദിച്ചു.
കെഎസ്ഇബി സിവിൽ വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കി നൽകിയത്. സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് 20 വർഷം മുമ്പാണ് ഇളമ്പച്ചി മിനി എസ്റ്റേറ്റിന് സമീപം കെഎസ്ഇബിക്ക് സ്ഥലം അനുവദിച്ചത്.
സ്ഥലം മതിൽ കെട്ടി സംരക്ഷിച്ചതല്ലാതെ നിർമാണം നടത്തിയിരുന്നില്ല. ഈ സ്ഥലത്തിന് സമീപത്തായി പിന്നീട് സബ് സ്റ്റേഷൻ സ്ഥാപിക്കുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു.
കെഎസ്ഇബി ഓഫീസിന് സ്ഥലമുണ്ടെങ്കിലും കെട്ടിടമില്ലാത്തത് ചൂണ്ടിക്കാട്ടി 'ദീപിക' നേരത്തെ വാർത്ത നൽകിയിരുന്നു. പരിമിത സൗകര്യമുള്ള വാടകക്കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമിക്കണമെന്ന് വർഷങ്ങളായി നാട്ടുകാരും ആവശ്യപ്പെട്ടു വരികയായിരുന്നു.