കാസര്‍ഗോഡ്: എംഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. കാസര്‍ഗോഡ് കുഡ്ലു ആര് ഡി നഗറിലെ ഹസീബ് നിഹാല്‍ (26), നെല്ലിക്കുന്നിലെ സുഹൈല്‍ (28) എന്നിവരെയാണ് കാസര്‍ഗോഡ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഏഴു ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. ഒരു ഗ്രാമിന് 4,000 രൂപ വരെ ഈ മയക്കുമരുന്നിന് വിലയുണ്ട്. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഗ്രാമിന് 2500 രൂപ നിരക്കില്‍ വാങ്ങി 4000 രൂപയ്ക്കാണ് കാസര്‍ഗോഡ് അടക്കമുള്ള സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറില്‍ സഞ്ചരിക്കുന്പോഴാണ് ഇവര്‍ പിടിയിലായത്. പ്രത്യേക തരം ഇലക്ട്രോണിക് ഉപകരണത്തിലിട്ടാണ് എംഡിഎംഎ ഉപയോഗിക്കുന്നത്. ഇതുകൂടാതെ ടെസ്റ്റ് ട്യൂബില്‍ ഗുളിക പൊടിച്ചിട്ട് നോട്ട് അതിലിട്ട് അതിന്റെ മണം ശ്വസിച്ചും മയക്കുമരുന്ന് ലഹരി ഉപയോഗിക്കുന്നതായി പോലീസ് പറഞ്ഞു. അഞ്ചു ഗ്രാം വരെ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ 15 കിലോ കഞ്ചാവ് വലിക്കുന്നതിന്റെ ലഹരിയാണ് ലഭിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ തോന്നുകയും തുടര്‍ന്ന് ഇത് കിട്ടിയില്ലെങ്കില്‍ മാനസിക രോഗത്തിന് വരെ അടിമപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ രണ്ട് യുവാക്കള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.