ചെർക്കള: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 23 വാർഡുകളിലും ആരോഗ്യ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ ചെങ്കള പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത പഞ്ചായത്ത് തല യോഗം തീരുമാനിച്ചു. നാളെ മുതൽ 17 വരെ വിവിധ വാർഡുകളിൽ സമിതികൾ യോഗം ചേരും. ജനപ്രതിനിധികൾ,രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, അങ്കണവാടി, ആശാ, കുടുംബശ്രീ,യൂത്ത് ക്ലബുകൾ, പൊതുപ്രവർത്തകർ എന്നിവർ യോഗങ്ങളിൽ സംബന്ധിക്കും.
ചൈന, ഹോങ്കോംഗ്, തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ, ദക്ഷിണകൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവരെ നിർബന്ധമായും കണ്ടെത്തി 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരാനുള്ള നടപടികൾ വാർഡുതല ജാഗ്രതാസമിതികൾ സ്വീകരിക്കും. വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർ പൊതുസ്വകാര്യ ചടങ്ങുകൾ ഒഴിവാക്കേണ്ടതും പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി പരിശേധനയ്ക്കായി മെഡിക്കൽ ഓഫീസറുടെ അടുത്തേക്ക് വിടും.
വാർഡുകളിൽ നിരീക്ഷണം ശക്തമാക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തും. ചെങ്കള പിഎച്ച്സിയിൽ ഹെൽപ്പ് ഡസ്ക്ക് ആരംഭിച്ചു. രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ സേവനം ലഭിക്കും. മാർത്തോമ ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തകുമാരി അധ്യക്ഷതവഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ്, മെഡിക്കൽ ഓഫീസർ ഡോ.ഷമീമ തൻവീർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഹമ്മദ് ഹാജി, സുഫൈജ, നാസർ കാട്ടുകൊച്ചി, അബുല്ല കുഞ്ഞി, ശശികല, സിന്ധു, ഓമന,ജലശ്രീ എന്നിവർ പ്രസംഗിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹാസിഫ് നന്ദി പറഞ്ഞു.