പിലാത്തറ: ഹോളിയാഘോഷത്തിനിടെ മദ്യലഹരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി. എട്ടു പേർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്. പിലാത്തറ-മാതമംഗലം റോഡില്‍ എസ്ബിഐ ബാങ്കിന് പിൻവശത്തെ വാടകക്വാർട്ടേഴ്സിലും ഇതേസ്ഥലത്ത് താമസിക്കുന്ന വീടുകളിലെ ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഏറ്റുമുട്ടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ദിലീപ് (21), യശ്വന്ത് സൈനി (25), അനില്‍ (25), രത്നേഷ് കുമാര്‍ (23), രാജു (18), വിജയ്, രഞ്ജിത് (28) രാജ് ബന്ദ് സിംഗ് (20) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
മദ്യപിച്ചുള്ള ഹോളി ആഘോഷം തര്‍ക്കത്തിലും ഒടുവില്‍ സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ക്ക് തടയാന്‍ പറ്റാത്ത രീതിയില്‍ മാരകായുധങ്ങള്‍ കൊണ്ടായിരുന്നു ആക്രമണം. ബിയര്‍കുപ്പി പൊട്ടിച്ചും സ്റ്റംബ്, ഗ്യാസ് അടുപ്പ്, ചെത്തുകല്ല് എന്നിവ ഉപയോഗിച്ചുമായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആംബുലന്‍സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. നേരത്തെ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിച്ചാണ് ഓരോ തൊഴിലാളികളെയും ഉയര്‍ന്ന വാടക നിശ്ചയിച്ച് ക്വാർട്ടേഴ്സില്‍ താമസിപ്പിച്ചത്. ദിവസവും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സമീപവാസികള്‍ക്ക് ശല്യമായ ഇവര്‍ക്കെതിരേ നിരവധിതവണ പരാതി ഉയരുകയും ചെയ്തിരുന്നു. തിരിച്ചറിയല്‍ രേഖപോലുമില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളുടെ പശ്ചാത്തലം അറിയാത്തതുകൊണ്ടുതന്നെ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നതെന്ന് പരിസരത്തെ ഓട്ടോതൊഴിലാളികള്‍ പറഞ്ഞു. മുന്‍പും ഇവിടെ ഇത്തരത്തിലുള്ള സംഭവമുണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ പോലീസ് ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.