കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും ഉത്തരമലബാറിലെ ആദ്യകാല നാടകപ്രവര്‍ത്തകനുമായ വിദ്വാന് പി. കേളുനായര്ക്ക് അദ്ദേഹത്തിന്റെ കര്‍മഭൂമിയായ വെള്ളിക്കോത്ത് സ്മാരകമന്ദിരവും സാംസ്കാരിക സമുച്ചയവും നിര്‍മിക്കാനുള്ള പദ്ധതിക്ക് സ്ഥലത്തര്‍ക്കം ഇടങ്കോലിടുന്നു. കേളുനായര്‍ സ്ഥാപിച്ച വിജ്ഞാനദായിനി സംസ്കൃത പാഠശാലയുടെ കെട്ടിടവും സ്ഥലവും ഇപ്പോള്‍ തൊട്ടടുത്തുള്ള മഹാകവി പി. സ്മാരക ഗവ. സ്കൂളിന്റെ ഭാഗമായാണ് നിലനിൽക്കുന്നത്. ഈ സ്ഥലം സ്മാരകമന്ദിരത്തിനായി വിട്ടുകൊടുക്കുന്നത് സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പദ്ധതി മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റാനാണ് നീക്കം.
പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനായി കഴിഞ്ഞദിവസം മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ സ്കൂളില്‍വച്ച് ആലോചനായോഗം ചേര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ തുടങ്ങിയവരും വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചിരുന്നു. സ്കൂളിന്റെ കൈവശമുള്ള സ്ഥലം വിട്ടുകൊടുക്കുന്നത് പ്രയാസകരമാകുമെന്ന നിലപാടാണ് ഈ യോഗത്തിലും ഉയര്‍ന്നുകേട്ടത്. ഒടുവില്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി മാര്‍ച്ച് 30 വരെ സമയം നൽകാന് ധാരണയുണ്ടാക്കി യോഗം പിരിയുകയായിരുന്നു. നിര്‍ദേശങ്ങള്‍ അതിനോടകം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ അറിയിക്കണമെന്നാണ് ധാരണ.
ദശകങ്ങള്‍ക്കു മുമ്പു സ്കൂളിന് കെട്ടിടസൗകര്യം കുറവായിരുന്ന കാലത്ത് വിജ്ഞാനദായിനി കെട്ടിടത്തിനുള്ളിലാണ് ക്ലാസുകള്‍ നടന്നിരുന്നത്. പിന്നീട് പുതിയ കെട്ടിടങ്ങള്‍ വന്നതോടെ ഇതിന്റെ ആവശ്യമില്ലാതായി. വിദ്വാന് പി. സ്ഥാപിച്ച വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു വികസിപ്പിച്ചപ്പോള്‍ അതിന് മഹാകവി പിയുടെ പേരിട്ടതും അന്ന് വിവാദമായതായിരുന്നു. സ്കൂള്‍ പറമ്പിനുള്ളില്‍ കാലങ്ങളോളം നാശോന്മുഖമായി കിടന്ന കെട്ടിടം പിന്നീട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നവീകരിക്കുകയായിരുന്നു. നവീകരണത്തിനുശേഷവും ഇവിടം ഉച്ചക്കഞ്ഞിക്കുള്ള വിറകുപുരയായി ഉപയോഗിച്ചത് വിവാദമായതോടെ അതും ഒഴിവാക്കി പൂട്ടിയിട്ടു. ഒരു ദശകത്തോളമായി അനാഥമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തില്‍ വിദ്വാന് പിയുടെയും സ്വാതന്ത്ര്യസമരകാലത്തെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെയും ഓര്‍മകള്‍ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ഉതകുന്ന സാംസ്കാരിക സമുച്ചയം നിര്‍മിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ നാടകമത്സരങ്ങള്‍ക്ക് ഇവിടം വേദിയായതോടെയാണ് ഈ ആവശ്യം ഒന്നുകൂടി ശക്തമായത്. ഇതോടെ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രത്യേക താത്പര്യത്തോടെയാണ് ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയത്.
എന്നാല്‍ ഇവിടെ സ്മാരകമന്ദിരം യാഥാര്‍ഥ്യമാകുമെന്നു വന്നതോടെയാണ് വീണ്ടും സ്കൂളിന്റെ പേരുപയോഗിച്ച് ഇതിന് തടയിടാനുള്ള സ്ഥാപിത താത്പര്യങ്ങള്‍ തലപൊക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി സ്കൂളിന്റെ യാതൊരാവശ്യത്തിനും ഈ കെട്ടിടം ഉപയോഗിച്ചിട്ടില്ല. ഇപ്പോള്‍ത്തന്നെ ആവശ്യത്തിലേറെ സ്ഥലസൗകര്യമുള്ള സ്കൂളിനായി പുതിയ മൂന്നുനിലക്കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയുമാണ്. ഒരു സ്റ്റേജ് മാത്രമാണ് സ്കൂളിന്റെ അനിവാര്യമായ ഭാഗമായി വിജ്ഞാനദായിനി കെട്ടിടത്തോടു ചേര്‍ന്നു നിലനിൽക്കുന്നത്.
പ്രാദേശികമായ എതിര്പ്പുകളൊന്നുമില്ലെങ്കില് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ഈ സ്ഥലം സാംസ്കാരിക വകുപ്പിന് കൈമാറുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തൊട്ടടുത്തായി സാംസ്കാരിക സ്ഥാപനവും വായനശാലയും നാടകപഠനകേന്ദ്രവുമൊക്കെ ഉണ്ടാകുന്നത് സ്കൂളിനും മുതല്‍ക്കൂട്ടാകും.
ഈ കെട്ടിടവും സ്ഥലവും കൈമാറിക്കിട്ടുകയാണെങ്കില്‍ ബജറ്റ് വിഹിതത്തിലൂടെ ലഭിച്ച അഞ്ചുകോടി രൂപ ഉപയോഗിച്ചു മികച്ചനിലവാരമുള്ള സാംസ്കാരിക സമുച്ചയം ഇവിടെ നിര്‍മിക്കാനാകും. അല്ലാത്തപക്ഷം പുതിയൊരു സ്ഥലം കണ്ടെത്തി ഏറ്റെടുക്കുന്നതിനും അവിടെ കെട്ടിടം പണിയുന്നതിനും മാത്രമായി ഈ തുക ചെലവഴിക്കപ്പെട്ടുപോകും. വിദ്വാന് പി തന്റെ വളരെ ഹ്രസ്വമായ ജീവിതകാലത്ത് പ്രവര്‍ത്തിക്കുകയും ഒടുവില്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്ത കെട്ടിടം അനാഥമായി നിലകൊള്ളുമ്പോള്‍ മറ്റൊരിടത്ത് സ്മാരകം പണിയേണ്ടിവരുന്നതിലെ വൈരുധ്യവും ബാക്കിയാകും.