കാസര്‍ഗോഡ്: നഗരത്തിലെ പഴക്കടയ്ക്കു സമീപം കാര്‍ നിര്‍ത്തി പഴങ്ങള്‍ വാങ്ങുന്നതിനിടെ കാറില്‍ വച്ചിരുന്ന മൂന്നു ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച രാത്രി 8.30 ഒായോടെയാണ് സംഭവം. ചെര്‍ക്കള സ്വദേശി ഷെരീഫിന്റെ പണമാണ് നഷ്ടപ്പെട്ടത്.
ചെര്‍ക്കളയില്‍ ഇന്നു തുറക്കുന്ന എബിസിഡി വസ്ത്രാലയത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ജ്യൂസുണ്ടാക്കാനുള്ള പഴങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഷെരീഫ്. ബദ്രിയ ഹോട്ടലിന് സമീപം കാര്‍ നിര്‍ത്തി തൊട്ടടുത്തുള്ള പഴക്കടയില്‍ പോയതായിരുന്നു. കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോഴേക്കും വസ്ത്രാലയത്തിലേക്ക് വരുന്ന പാര്‍സലിന് നല്‍കാനായി മുന്‍ വശത്തെ സീറ്റില്‍ സൂക്ഷിച്ചിരുന്ന പണം കാണാനില്ലായിരുന്നു.
ടൗണ്‍ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഒരാള്‍ കാറിനടുത്തെത്തി പണം എടുത്തുകൊണ്ടുപോകുന്നത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഷെരീഫിന്റെ കൈയില്‍ പണമുള്ള കാര്യം ഇയാള്‍ നേരത്തേ നോക്കിവച്ചിരിക്കാമെന്ന് സംശയിക്കുന്നു.