കാസർഗോഡ്: ഏറെ കാലമാ യി അസൗകര്യങ്ങളാൽ വീർപ്പു മുട്ടിക്കിടന്ന ചെങ്കള പിഎച്ച്സിക്ക് ബഹു നില കെട്ടിടം ഉയരുന്നു. ജില്ലയിൽ താരതമ്യേന ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടി എത്തുന്ന സ്ഥാപനമായിരുന്നെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് മോചനം ലഭിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി പ്രത്യേക താത്പര്യമെടുത്തു പ്രയത്നിച്ചതിന്റെ ഫലമായാണ് ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത്. പുതിയ ബ്ലോക്കിൽ അത്യാധുനിക രീതിയിലുള്ള നാലു ഡോക്ടർമാരുടെ പരിശോധനമുറി, വിശാലമായ ഇരിപ്പിട സൗകര്യം, രോഗപ്രതിരോധ കുത്തിവയ്പ് ഹാൾ, മൈനർ ഒടി, ഫാർമസി, ലാബ്, പാലിയേറ്റിവ് വിംഗ്, പബ്ലിക്ക് ഹെൽത്ത് വിംഗ്, ഓഫീസ്, കോൺഫറൻസ് ഹാൾ, ജീവിത ശൈലിരോഗ ചികിത്സയ്ക്കുള്ള സൗകര്യം, വിശാലമായ പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയാണ് ഒരേക്കർ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നത്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പിഎച്ച്സിക്ക് മനോഹരമായ പൂന്തോട്ടവും നിർമിക്കും. ജില്ലാകളക്ടർ ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർഗോഡ് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി അംഗീകാരം നൽകി.