കാസർഗോഡ്: കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യത്തിന് വെള്ളം ഉപയോഗിക്കുമ്പോള്‍ നിയന്ത്രണം പാലിക്കണമെന്ന് ജില്ലാതല വരള്‍ച്ചാ അവലോകന യോഗത്തില്‍ നിര്‍ദേശം. കമുകിന് തോട്ടങ്ങളില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാവും. കൃഷിക്കുള്ള ജലസേചനം അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണം. പുഴയില്‍നിന്ന് നേരിട്ടുള്ള ജലസേചനം നിരോധിച്ചു.
വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ബോര്‍വെല്‍ ജലസേചനം കുറയ്ക്കണം. കര്‍ഷകര്‍ സൗജന്യ വൈദ്യുതി ദുരുപയോഗം ചെയ്താല്‍ കണക്ഷന് വിഛേദിക്കാനുള്ള നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. തോട്ടങ്ങളിലും ചാലുകളിലും താത്കാലിക തടയണ നിര്‍മാണത്തിന് പ്രാധാന്യം നല്‍കണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ഉത്പാദന വര്‍ദ്ധനവിനും മണ്ണിന് പുതയിടണം. ചകിരി കമഴ്ത്തി അടുക്കുന്നതും കരിയില വിരിച്ചുകൊടുക്കുന്നതും കര്‍ഷകര്‍ക്ക് പുതയിടലിന് ഉപയോഗപ്പെടുത്താമെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.