കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസിന് ലൈബ്രറി .പഴയ ഡിവൈഎസ്പി ഒാഫീസ് കെട്ടിടം പുതുക്കിയാണ് ലൈബ്രറി പ്രവർത്തിപ്പിക്കുക.ഇതിനായി ഒമ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്കുവേണ്ടി അയച്ചതായി ഡിവൈഎസ്പി പി.കെ.സുധാകരൻ പറഞ്ഞു.
കാലപ്പഴക്കം കൊണ്ട് പൊതുമരാമത്ത് കെട്ടിടവിഭാഗം പൊളിച്ചു നീക്കാൻ നിർദേശിച്ച പഴയ പോലീസ് സ്റ്റേഷൻ കെട്ടിടമാണ് നവീകരിച്ച് ലൈബ്രറിയാക്കുന്നത്.നവീകരണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.പൊളിഞ്ഞു വീഴാറായ മേൽക്കൂര സീലിങ്ങോടുകൂടി പുതുക്കി.
നിലം ടൈൽസ് പതിച്ചിട്ടുണ്ട്. മറ്റു ജോലികളൊക്കെയും നടന്നുവരികയാണ്.കേരളത്തിൽ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനിൽ പോലീസ് ലൈബ്രറി ഒരുക്കുന്നതെന്ന് നവീകരണത്തിന് ചുക്കാൻ പിടിക്കുന്ന ഡിവൈഎസ്പി പറഞ്ഞു.ഏതെങ്കിലും കേസുമായി പോലീസുകാർക്കുണ്ടാകുന്ന സംശയങ്ങൾ ലൈബ്രറിയിലെത്തുന്നതോടെ ഇല്ലാതാകും.അതിനു പറ്റിയ പുസ്തകങ്ങളും മറ്റ് പത്രമാധ്യമങ്ങളും ലൈബ്രറിയിൽ ഉണ്ടായിരിക്കും. അദ്ദേഹം തന്നെയാണ് ഇതിന്റെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുള്ളത്.
റിട്ടയർചെയ്ത എസ്പി പി.ഹബീബ് റഹ്മാൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായിരിക്കെ ഇവിടെ ബോയ്സ് ക്ലബ് തുടങ്ങിയിരുന്നു. ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ ഉദ്ദേശിച്ചാണ് ബോയ്സ് ക്ലബ് ആരംഭിച്ചത്. തുടക്കത്തിൽ വിദ്യാർഥികളും മുതിർന്നവരുമൊക്കെയെത്തി ക്ലബ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ കുറച്ചുകാലമായി ഇത് അനാഥാവസ്ഥയിലായിരുന്നു. അതോടെയാണ് ഡിവൈഎസ്പിക്ക് ഇതിനെ പോലീസുകാർക്കുകൂടി ഉപകാരപ്പെടുന്ന പദ്ധതിയുണ്ടാക്കിയാലോ എന്ന ചിന്ത ഉദിച്ചത്.അങ്ങിനെയാണ് ലൈബ്രറിയുടെ പിറവി.