കാസർഗോഡ്: ഒരേസമയം ഒന്നിലധികം കേന്ദ്രങ്ങളില്‍ പരാതി നല്കുന്ന പ്രവണത ശരിയല്ലെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ ഷാഹിദ കമാലും ഇ.എം. രാധയും പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന് അദാലത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ഇതേ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന കാര്യം മറച്ചുവയ്ക്കുകയും ചെയ്യുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ കമ്മീഷന് ഇടപെടാന്‍ സാധ്യമല്ല. പരാതിക്കാരുടെ ഇത്തരം പ്രവണതകള്‍ കമ്മീഷന്റെ സമയം അപഹരിക്കുകയും വനിതാ കമ്മീഷനില്‍ മാത്രം പരാതിനല്‍കി നീതി കാത്തിരിക്കുന്നവര്‍ക്ക് നീതി വൈകിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
ജില്ലയില്‍ മറ്റു പല തര്‍ക്കങ്ങളുടെയും പേരില്‍ പുരുഷന്മാര് ഭാര്യമാരെ ഉപയോഗിച്ചു അയല്‍വാസികള്‍ക്കെതിരേ പരാതി നല്കുന്ന പ്രവണത ഏറിവരികയാണ്. ഇത്തരം പ്രവണതകള്‍ ആരോഗ്യകരമല്ല. ഇത്തരത്തിലുള്ള രണ്ട് പരാതികളാണ് അദാലത്തില്‍ എത്തിയത്.
സിഐയ്ക്കെതിരെയുള്ള പരാതി: റിപ്പോര്‍ട്ട്
പരിശോധിച്ച് നടപടി
സ്വീകരിക്കും
ജില്ലാ പോലീസ് ആസ്ഥാനത്തെ ടെലി കമ്യൂണിക്കേഷന്‍ സിഐയ്ക്ക് എതിരേ സഹപ്രവര്‍ത്തകരായ പോലീസുകാരുടെ ഭാര്യമാര്‍ തങ്ങളുടെ ഭര്ത്താക്കന്മാരെ സിഐ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു നല്കിയ പരാതി പരിഗണിച്ച വനിതാ കമ്മീഷന് സിഐയുടെയും പരാതിക്കാരായ പോലീസുകാരുടെ ഭാര്യമാരുടെയും വാദങ്ങള്‍ കേട്ടു. ജോലിസംബന്ധമായ തര്‍ക്കങ്ങളും അച്ചടക്കത്തിന്റെ പേരില്‍ താന്‍ എടുത്ത നടപടികളുമാണ് പരാതിക്ക് ആധാരമെന്ന് സിഐ കമ്മീഷനെ ബോധിപ്പിച്ചു. എന്നാല്‍ ഈ കാര്യങ്ങള്‍ രേഖാമൂലം എഴുതിനല്കാന് വനിതാ കമ്മീഷന് സിഐയോട് നിര്‍ദേശിച്ചു. മുന്‍ അദാലത്തില്‍ ഈ പരാതി പരിശോധിച്ചു നിജസ്ഥിതി ഉറപ്പുവരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഡിവൈഎസ്പി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വനിതാ കമ്മീഷനില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടു കൂടി പഠിച്ചു വസ്തുതകള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കി.
വനിതാ കമ്മീഷന് അദാലത്തില്‍ 10 പരാതികള്‍ പരിഹരിച്ചു. 40 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ മൂന്നു കേസുകളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. അവശേഷിക്കുന്ന 27 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
പാനല്‍ അഭിഭാഷകരായ എസ്. രേണുകാദേവി തങ്കച്ചി, പി. സിന്ധു, വനിതാ സെല്‍ സിഐ സി. ഭാനുമതി, സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. സുപ്രിയ, ഫാമിലി കൗണ്‍സലര്‍ എസ്. രമ്യമോള്‍ എന്നിവര്‍ അദാലത്തില്‍ സംബന്ധിച്ചു.