തൃക്കരിപ്പൂർ: മുൻകരുതൽ പാലിക്കാൻ തൃക്കരിപ്പൂരിൽ ജാഗ്രത സമിതി നടത്തിയ യോഗം തീരുമാനിച്ചു. കോവിഡ്-19 വൈറസ് ബാധയെക്കെതിരെ കരുതലോടെയിരിക്കാൻ തൃക്കരിപ്പൂരിലെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര മേഖലയിലെയും പള്ളികൾ, ക്ഷേത്ര കമ്മിറ്റികൾ, ചർച്ച് കമ്മിറ്റികൾ വിവിധ ക്ലബ് ഭാരവാഹികൾ എന്നിവര് യോഗത്തിൽ പങ്കെടുത്തു.
കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്നവർ രോഗലക്ഷണം ഇല്ലെങ്കിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കും. വാർഡ് തലത്തിൽ ആരോഗ്യവകുപ്പ്് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കും. ഇവർക്ക് ആവശ്യമായ പരിശീലനവും നൽകും. ചെറുതും വലുതുമായ ഹോട്ടലുകളിൽ ഹാൻഡ് വാഷിംഗിനായി വാഷ് ബേസിന് സമീപം സോപ്പിന് പകരം ലിക്വിഡ് ആയ സോപ്പ് ലായനി തന്നെ നിർബന്ധമായും ഉപയോഗിക്കണം. വീടുകളിലും ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
മുൻകരുതലായി പഞ്ചായത്തിലെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കി സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. തൃക്കരിപ്പൂർ സിഎച്ച് ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ. തോമസ് ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം പി.വി. പത്മജ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. റീത്ത, എ.ജി. സറീന, വി.കെ. ബാവ, പഞ്ചായത്ത് അംഗം ടി.വി. വിനോദ്, സെക്രട്ടറി പി.പി. ഉഷ എന്നിവർ പ്രസംഗിച്ചു.