അടിമാലി: ആക്ഷേപത്തിനിടവരുത്തിയ മാലിന്യക്കൂന നീക്കി പൂന്തോട്ട നിർമാണത്തിന് തുടക്കമിട്ട് അടിമാലി ഗ്രാമപഞ്ചായത്ത്. അടിമാലി ടൗണ്‍ ജുമാമസ്ജിദിനു സമീപത്തുനിന്നും ബസ് സ്റ്റാൻഡിലേക്കുള്ള ഇടവഴിയോരത്തായിരുന്നു വലിയതോതിൽ ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കുമിഞ്ഞുകൂടിയതോടെ ദുർഗന്ധം ഉയർന്നു. മാലിന്യ സംസ്കരണ പദ്ധതികളുമായി അടിമാലി ഗ്രാമപഞ്ചായത്ത് മുന്പോട്ടുപോകുന്പോൾ ടൗണിന്റെ ഹൃദയഭാഗത്ത് മാലിന്യം കുന്നുകൂടുകയായിരുന്നു.
കുമിഞ്ഞുകിടന്നിരുന്ന മാലിന്യം നീക്കംചെയ്തതിനൊപ്പം സ്ഥലമുടമയുടെ അനുവാദത്തോടെ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്ന ജോലിക്കും പഞ്ചായത്ത് തുടക്കംകുറിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, സെക്രട്ടറി കെ.എൻ. സഹജൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചെടികൾ നട്ട് പൂന്തോട്ട നിർമാണത്തിൽ പങ്കുചേർന്നു.