തൊടുപുഴ: കൊറോണാ ജാഗ്രതാ നിർദേശം വന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളും പട്ടണങ്ങളും വിജനമായി. ഇത് ജനജീവിതത്തെയും വ്യാപാര മേഖലയെയും നിശ്ചലമാക്കി. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ലോട്ടറി വിൽപനക്കാരാണ്.
വിൽപന നടക്കാത്തതിനാൽ ടിക്കറ്റ് മിച്ചം വരുന്നു. ഇതുമൂലം സാധാരണ വിൽപനക്കാർക്ക് ആയിരക്കണക്കിന് രൂപയാണ് നഷ്ടം വരുന്നത്. ലോട്ടറി വില വർധനവിനൊപ്പം കൊറോണ ഭീതി കൂടിയായതോടെ ലോട്ടറി വിൽപനക്കാരുടെ ജീവിതം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് .
സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ലോട്ടറി നറുക്കടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ലോട്ടറി ഡയറക്ടർക്ക് നിവേദനം നൽകാനും കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി. റോയി , കെ.ജി. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.