ഇടുക്കി: ജില്ലയിലെ ഹൈസ്കൂൾ വിഭാഗം ഗോത്രവർഗ വിദ്യാർഥികളുടെ ശാസ്ത്ര ഗണിത വിഷയങ്ങളിലെ അഭിരുചി വളർത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയായ പഠനോദ്യാനം വിലയിരുത്താൻ യുനിസെഫ് സംഘം എത്തി.
ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുനിസെഫും ജനകീയ ഗവേഷണ സ്ഥാപനമായ ഐആർടിസി യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയിൽ പൂമാല, മേത്തൊട്ടി, അരിക്കുഴ, ചിന്നപ്പാറക്കുടി, മന്നാംകണ്ടം എന്നീ സ്ഥലങ്ങളിൽ പഠനോദ്യാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ പദ്ധതിയുടെ ഒന്നാംഘട്ടം സമാപിക്കുന്പോൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനുമാണ് യുനിസെഫിന്റെ വിദ്യാഭ്യാസ ചുമതലയുള്ള അഖില രാധാകൃഷ്ണന്റെ നേതൃത്വത്തിൽ യൂനിസെഫ് ടീം ജില്ലയിലെത്തിയത്.
തൊടുപുഴയിൽ നടന്ന യോഗത്തിൽ സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു, പ്രൊജക്ട് ഓഫീസർ സുലൈമാൻ കുട്ടി, ഡയറ്റ് പ്രിൻസിപ്പൽ സോമരാജ്, ലക്ചറർ എം.എം.ലോഹിതദാസ് , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അപ്പുണ്ണി, ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ - ഓർഡിനേറ്റർ ബിനുമോൻ, അധ്യാപകർ, പിടിഎ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. മേത്തൊട്ടി പഠനോദ്യാന കേന്ദ്രം യൂനിസെഫ് സംഘം സന്ദർശിച്ചു. ഡോ.കെ.രാജേഷ്,മീരാഭായി, പഠനോദ്യാനം പ്രൊജക്ട് കോ-ഓർഡിനേറ്റർ വി.വി.ഷാജി, പി.ഡി.രവീന്ദ്രൻ, സി.ഡി.അഗസ്റ്റിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനോദ്യാനത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് ജില്ലാ കളക്ടറേറ്റിൽ സന്ദർശനം നടത്തുന്ന യൂനിസെഫ് സംഘം വിവിധ വകുപ്പ് മേധാവികളുമായി ചർച്ച നടത്തും.