നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ഏലം കുത്തകപ്പാട്ട ഭൂമിയിൽനിന്നും ഈട്ടിത്തടികൾ മുറിച്ചുകടത്തിയ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ഭണ കക്ഷിയിലെ ചിലർ ശ്രമിക്കുന്നതായി ആക്ഷേപം. വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും രാഷട്രീയ സമ്മർദംമൂലം പ്രതികൾക്ക് രക്ഷപ്പെടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ അവസരം നൽകിയെന്നാണ് ആരോപണം.
കൈലാസപ്പാറയ്ക്കുസമീപം താമസിക്കുന്ന ചുരുളിമണിയുടെ ഏലത്തോട്ടത്തിൽനിന്ന് ഇയാളുടെ സഹോദരൻ പരമന്റെ നേതൃത്വത്തിൽ ഈട്ടിത്തടികൾ വെട്ടിക്കടത്തിയതായാണ് കേസുള്ളത്. തടിമോഷണ കേസിൽ പതിനഞ്ചോളംപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കൈലാസപ്പാറയിൽനിന്നും തടി മുറിച്ചുകടത്തുന്നതായി വനംവകുപ്പിന്റെ വിജിലൻസ് ഫ്ളൈയിംഗ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സ്ക്വാഡും നെടുങ്കണ്ടം ഫോറസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് അന്വേഷണം തുടങ്ങിയത്. കേസിൽ ഇതുവരെ നാലുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തിട്ടുണ്ട്. നെടുങ്കണ്ടം ബ്ലോക്ക് നന്പർ 264-ൽ അജാസ് ഷാജി, കോന്പയാർ കൊച്ചുതറ വടക്കേതിൽ ശശി, കല്ലാർ കുറുപ്പൻപറന്പിൽ ബിനു, താന്നിമൂട് മഠത്തിക്കുളങ്ങര ജയചന്ദ്രൻ എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡുചെയ്തിരുന്നു. കൂടാതെ തടി കടത്താനുപയോഗിച്ച ഒരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒന്നുമുതൽ നാലുവരെയുള്ള പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. മുറിച്ചുകടത്തിയ തടിയുടെ പകുതിയോളം കണ്ടെത്തിയെങ്കിലും ബാക്കി ഭാഗങ്ങൾ എങ്ങോട്ടു കടത്തി എന്നതുസംബന്ധിച്ച് വനംവകുപ്പിന് വ്യക്തമായ വിവരങ്ങളില്ല. തടിയുരുപ്പടികളും മറ്റു പ്രതികളേയും കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നാണ് നെടുങ്കണ്ടം ഫോറസ്റ്റ് സെക്ഷനിൽനിന്ന് ലഭിക്കുന്ന വിശദീകരണം. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് വിവരമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.