ചെറുതോണി: ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പേരിൽ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷി, ജീവകാരുണ്യം, വിദ്യാഭ്യാസം എന്നീ മൂന്നു വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന വ്യക്തികൾക്കുള്ളതാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ്.
ഈവർഷത്തെ അവാർഡുകൾക്കായി സുകൃതം പദ്ധതിയുടെ ഡയറക്ടർ ഫാ. മാത്യു ഇരുന്പുകുത്തിയിൽ (ജീവകാരുണ്യം), കോതമംഗലം മിൽവോക്കി അക്കാഡമി ഡയറക്ടർ സണ്ണി കടൂത്താഴെ (വിദ്യാഭ്യാസം), നെടുങ്കണ്ടം പാലാർ സ്വദേശിയായ സണ്ണി ജോസഫ് പനച്ചനാനിക്കൽ (കൃഷി) എന്നിവരെ തെരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ഫാ. മാത്യു ഇരുന്പുകുത്തിയിൽ ഇടുക്കി രൂപതയിൽ നിർധനരായ കിഡ്നി രോഗികൾക്ക് ഡയാലിസിസിന് സഹായംചെയ്യുന്ന സുകൃതം പദ്ധതിയുടെ അമരക്കാരനാണ്. 2017 നവംബറിൽ ഏഴു രോഗികൾക്ക് പ്രതിമാസം 7000 രൂപവീതം ചികിത്സാ ധനസഹായമായി ആരംഭിച്ചതാണ് സുകൃതം പദ്ധതി. ഇന്ന് 91 രോഗികൾക്കായി പ്രതിമാസം ഒൻപതുലക്ഷം രൂപ ചെലവഴിക്കുന്നു.
ജാതി മത വ്യത്യാസമില്ലാതെ ഏവർക്കും സഹായംനൽകുന്ന സുകൃതം പദ്ധതിയിലൂടെ അടിമാലി മോർണിംഗ് സ്റ്റാർ, കട്ടപ്പന സെന്റ് ജോണ്‍സ്, മുരിക്കാശേരി അൽഫോൻസ എന്നീ ആശുപത്രികളിൽ രോഗികൾക്ക് ഡയാലിസിസ് നടത്തിവരുന്നു. സുകൃതം പദ്ധതിക്കായി ദേവാലയങ്ങൾതോറും കയറിയിറങ്ങി വിശുദ്ധ കുർബാന മധ്യേ വിശ്വാസിസമൂഹത്തോട് സംസാരിച്ച് ബക്കറ്റ് പിരിവിലൂടെ സമാഹരിക്കുന്ന തുകയും മാതൃദീപ്തിയുടെ നേതൃത്വത്തിൽ പഴയ പേപ്പർ സമാഹരിച്ച് വിറ്റുകിട്ടുന്ന പണവുമാണ് രോഗികൾക്കായി നൽകുന്നത്.
വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് നേടിയ സണ്ണി കടൂത്താഴെ ഇരട്ടയാർ ചെന്പകപ്പാറ സ്വദേശിയായിരുന്നു. കോതമംഗലം മിൽവോക്കി അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്നു. ഇദ്ദേഹം വിദേശ രാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിനുള്ള ഇംഗ്ലീഷ് ഭാഷാ പരിശീലനം (ഐഇഎൽടിഎസ്) നൽകിവരുന്നു.
കേംബ്രിഡ്ജ് യൂണിവഴ്സിറ്റി ബ്രിട്ടീഷ് കൗണ്‍സിലിന്റെ പാർട്ണർ ഓഫ് ദ ഇയർ അവാർഡ്, ഐഡിപി ഓസ്ട്രേലിയയുടെ സൂപ്പർ സ്റ്റാർ സർക്കിൾ അവാർഡ്, പ്ലാറ്റിനം പ്ലസ് അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മിൽവോക്കി അക്കാദമിയിൽനിന്നും പഠനം പൂർത്തിയാക്കിയ ഏഴായിരത്തോളം വിദ്യാർഥികൾ വിവിധ വിദേശ രാജ്യങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. സാന്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ഐഇഎൽടിഎസ്, ഒഇടി എന്നിവ പഠിക്കുന്നതിന് സ്കോളർഷിപ്പും നൽകുന്നുണ്ട്. കെസിവൈഎം സംസ്ഥാന പ്രസിഡന്റ്, ഐസിവൈഎം കൗണ്‍സിൽ അംഗം കോതമംഗലം രൂപത യുവദീപ്തി പ്രസിഡന്റ്, ദീപികയുടെ പ്രാദേശിക ലേഖകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെസിബിസിയുടെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.
കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് അർഹനായ നെടുങ്കണ്ടം പാലാർ സ്വദേശിയായ സണ്ണി ജോസഫ് പനച്ചനാനിക്കൽ സിവിൽ എൻജിനിയറും ആർകിടെക്ടുമാണ്. ചെറുപ്പംമുതൽ കൃഷി മേഖലയിൽ വ്യത്യസ്ത രീതിയിലുള്ള വിവിധ പഠനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.
സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് മുഖേന കൃഷിചെയ്യുന്ന ഇദ്ദേഹം ഏലം, കുരുമുളക്, തേയില, കാപ്പി തുടങ്ങിയവ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. നാച്ചുറൽ ഫാമിംഗ് രീതിയിൽ സ്വന്തം പുരയിടത്തിൽ കൃഷിചെയ്യുന്ന തേയില ഉപയോഗിച്ച്് സ്വന്തമായുള്ള ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന പാലാർ ടീ ലോകോത്തര പ്രശംസ നേടിയിട്ടുണ്ട്.
പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയെല്ലാം സ്വന്തമായി കൃഷിചെയ്യുന്ന ഇദ്ദേഹം വില്ലേജ് ടൂറിസത്തിന്റെ മുഖ്യ വക്താവുകൂടിയാണ്. വിദേശ രാജ്യങ്ങളിൽനിന്നും ധാരാളം വിനോദ സഞ്ചാരികൾ ഇദ്ദേഹത്തിന്റെ കൃഷിരീതികൾ കാണുന്നതിനും മനസിലാക്കുന്നതിനുമായി എത്തുന്നുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ശില്പചാരുതയുള്ള നിരവധി വീടുകളുടേടയും ആരാധനാലയങ്ങളുടേയും ശില്പി കൂടിയാണ് ഇദ്ദേഹം. ഭാര്യ: റോസമ്മയും പെണ്മക്കളായ മൂന്നുപേരും ഇദ്ദേഹത്തോടൊപ്പം സഹായികളായുണ്ട്.
14-ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കുന്ന ഇടുക്കി രൂപത അധ്യാപക -അനധ്യാപക സ്നേഹ സംഗമത്തിൽ അവാർഡുകൾ വിതരണംചെയ്യും.
ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷനായ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്. ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. മാത്യു തടത്തിൽ, ഫാ. ജോസ് കുന്നുംപുറത്ത്, ഡോ. ഡൊമിനിക് വട്ടപ്പാറയിൽ എന്നിവർ ജൂറി അംഗങ്ങളായിരുന്നു.