ഇടുക്കി: ജില്ലയിൽ 54 പേർ കോവിഡ് - 19 നിരീക്ഷണത്തിൽ. പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തിൽ ലഭിച്ച 12 എണ്ണവും നെഗറ്റീവാണ്.
ഡൽഹിയിൽ നിന്നെത്തിയ ഇടുക്കി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഉത്തരേന്ത്യക്കാരന്റെയും ഫലം നെഗറ്റീവയതിനാൽ ഐസൊലേഷൻ വാർഡിൽ നിന്ന് ഇദ്ദേഹത്തെ മാറ്റി. മറ്റു രണ്ടു പേരുടെയും പരിശോധന ഫലം ഇന്ന് ലഭിക്കും. നിരീക്ഷണത്തിലുള്ളവരെല്ലാം വീടുകളിലാണ് ഇപ്പോൾ കഴിയുന്നത്.
കോവിഡ് - 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശൂപത്രിയിൽ വരേണ്ടതില്ല. അവർ ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ 1056) 04862 233 130, 04862 233 111 നന്പറുകളിൽ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ കോവിഡ് - 19 ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർവഹിച്ചു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്.
യോഗത്തിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് ചർച്ച ചെയ്തു. മെഡിക്കൽ കേളജ് കമ്യൂണിറ്റി വിഭാഗം അസി. പ്രഫ. ഡോ.മിനു ബോധവത്കരണ ക്ലാസ് നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എഡിഎം ആന്റണി സ്കറിയ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർ പേഴ്സണ്‍മാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ഡെപ്യൂട്ടി ഡിഎംഒ പി.കെ. സുഷമ തുടങ്ങിയവർ പങ്കെടുത്തു.
നെടുങ്കണ്ടം മേഖലയിൽ
45 പേർ നിരീക്ഷണത്തിൽ
നെടുങ്കണ്ടം: കോവിഡ് - 19 മായി ബന്ധപ്പെട്ട് നെടുങ്കണ്ടം മേഖലയിലെ നാലു പഞ്ചായത്തുകളിലായി 45 പേർ നിരീക്ഷണത്തിലാണെന്ന് നെടുങ്കണ്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബിജു ഫിലിപ്പ് അറിയിച്ചു. ഇറ്റലി ഉൾപ്പടെ എട്ടു വിദേശരാജ്യങ്ങളിൽനിന്നും എത്തിയവരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 29 പുരുഷൻമാരും 16 സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടും.
പാന്പാടുംപാറ ഗ്രാമപഞ്ചായത്തിൽ 17-ഉം നെടുങ്കണ്ടത്ത് 12-ഉം കരുണാപുരത്ത് ഒന്‍പതും ഉടുന്പൻചോലയിൽ ഏഴും പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. 28 ദിവസത്തേക്കാണ് നിരീക്ഷണം. ഈ കാലയളവിൽ രോഗം സ്ഥിരീകരിച്ചാൽ പ്രത്യേക ചികിത്സകൾ നടത്തും. ഇടുക്കി മെഡിക്കൽ കോളജിലും തൊടുപുഴ ജനറൽ ആശുപത്രിയിലും ഇതിനായി ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.
നെടുങ്കണ്ടം ബ്ലോക്കിൽ കൊറോണ നിരീക്ഷണത്തിനായി ഡോ. ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ 20 അംഗ ടീമാണ് പ്രവർത്തിക്കുന്നത്. പ്രത്യേക ആംബുലൻസും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും ഡോ. ബിജു ഫിലിപ്പ് പറഞ്ഞു.