കട്ടപ്പന: വാട്ടർ അഥോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച. കട്ടപ്പന നഗരത്തിലും പരിസര മേഖലകളായ പള്ളിക്കവല, സ്കൂൾകവല, ഐടിഐ ജംഗ്ഷൻ, അശോകക്കവല, പേഴുംകവല എന്നിവിടങ്ങളിലും ഇതോടെ കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുകയാണ്.
മോട്ടോർ തകരാറിലായതാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഇവിടങ്ങളിലേക്ക് വെള്ളം പന്പുചെയ്യുന്നത് പ്രിന്റിംഗ് സൊസൈറ്റിക്കു സമീപമുള്ള പന്പ്ഹൗസിൽനിന്നുമാണ്.
മോട്ടോർ തകാറിലായതോടെ പന്പ് ഹൗസ് അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടുത്തെ കുഴൽകിണറിൽ വെള്ളം ക്രമാതീതമായി കുറഞ്ഞതായും അധികൃതർ പറയുന്നു.
വേനൽ കടുത്തതോടെ മിക്ക മേഖലകളിലും കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് വാട്ടർ അഥോറിറ്റിയുടെ ജലവിതരണം നിലച്ചത്.
ഒരാഴ്ചയായിട്ടും ജലവിതരണം പുനഃസ്ഥാപിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പല ഇടങ്ങളിലും നാട്ടുകാർ വെള്ളം വില കൊടുത്തുവാങ്ങുകയാണ്.