കുമളി: ഒരു പഴഞ്ചൻ ടൈപ് റൈറ്റിംഗ് മെഷീൻ. ഹാൾഡാ കന്പനിയുടെ ഈ മെഷിൻ കുഞ്ഞുമോൻ എന്ന ജോസഫ് കരിപ്പായിൽ 2700 രൂപയ്ക്ക് കുമളിയിലെ ഒരു ടൈപ് റൈറ്റിംഗ് ഇൻസ്റ്റിട്ട്യൂട്ടിൽനിന്നും സെക്കൻഡ് ഹാൻഡായി കരസ്ഥമാക്കിയതാണ്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള അക്ഷരങ്ങൾ അടിക്കുവാൻ.
പക്ഷേ കരിപ്പായി ജോസഫ് ഈ മെഷിനിൽ വിരിയിച്ചത് രണ്ടായിരത്തിലധികം ഇംഗ്ലീഷ് കവിതകൾ. എല്ലാം ഒന്നിനൊന്ന് മണിമുത്തുകൾ. സ്വദേശത്തും വിദേശത്തുമായി പത്രമാധ്യമങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു. കുട്ടികളുടെ ദീപികയിലും ജോസഫിന്റെ കവിതകൾ വന്നിട്ടുണ്ട്. കവിത സമാഹാരങ്ങൾ ’ദ ജോയിയസ് ലൈഫ്’ എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
സുകുമാർ അഴീക്കോടിന്റെ നവഭാരത വേദിയുമായി ജോസഫ് ചേർന്നുപ്രവർത്തിച്ചിരുന്നു. ഇക്കാലയളവിൽ സുകുമാർ അഴീക്കോട്, ഫാ. ജോസഫ് മറ്റപ്പള്ളിൽ, റവ. ഡോ. ചാക്കോ നരിമറ്റത്തിൽ, എംജി യൂണിവഴ്സിറ്റി വൈസ് ചാൻസലർമാരായ ഡോ. യു.ആർ. അനന്തമൂർത്തി, ഡോ. സിറിയക് തോമസ് എന്നിവരുടെ പ്രചോദനമാണ് ജോസഫിന്റെ കവിതകൾ പുസ്തകരൂപത്തിലായത്.
പ്രശസ്ത ഇഗ്ലീഷ് സാഹിത്യകാരൻ ഓബ്റി മെനൻ ലൂക്ക്സ് ഡെൻ കവയിത്രി മാധവിക്കുട്ടിയുടെ അതിഥിയായി തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസിൽ താമസിക്കവേ ജോസഫ് ഇദ്ദേഹത്തെ കണ്ട് തന്റെ ’ആന്റിസിപ്പേറ്റിംഗ് പാരഡൈസ് ഓഫ് ലൈഫ്’ എന്ന ആദ്യ കവിത സമ്മാനിച്ചു.
ഓബ്റി മെനൻ ഈ കവിത എഡിറ്റുചെയ്ത് ജോസഫിനു നൽകി. 66-ൽ ഈ കവിതയ്ക്ക് ഓസ്ട്രേലിയ റൈറ്റേഴ്സ് ഇന്റർനാഷണലിന്റെ മെറിറ്റ് അവാർഡ് ലഭിച്ചു.
സുഹൃത്തിന്റെ ഓമന നായയുമായി ജോസഫ് നടന്നുവരവേ കുമളി ടൗണിൽ നായ ബസിനടിയിൽപെട്ടതാണ് ’ദ പെറ്റ്’ എന്ന കവിത.
ജീവിതഗന്ധിയായ മറ്റുള്ളവരുടെ വേദനകളാണ് ജോസഫിന്റെ കവിതകളുടെ ഉള്ളടക്കം. ഇംഗ്ലീഷിൽ അഗാധമായ അറിവുള്ള ജോസഫിനെ കരിപ്പായി സാറെന്നും കരിപ്പായി കുഞ്ഞുമോനെന്നും നാട്ടുകാർ വിളിക്കും.
ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കും തിരിച്ചും ഡോക്കുമെന്റുകൾ തർജമ ചെയ്യുവാൻ ആളുകൾ ആശ്രയിച്ചിരുന്നത് ജോസഫിനെയാണ്. ഏതു വിഷയത്തിലുമുള്ള പേപ്പറുകൾ തയാറാക്കാൻ അസാമാന്യ കഴിവുള്ള ജോസഫ് ഇംഗ്ലീഷ് ട്യൂഷൻ സെന്ററും നടത്തിയിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ ഫിലിമുകൾ ഡെവലപ് ചെയ്ത് പ്രിന്റ് തയാറാക്കുന്നതിലും കഴിവുതെളിയിച്ച ജോസഫിന്റെ മുതൽകൂട്ട് വായനയും കഠിനാധ്വാനവുമാണ്.
പിതാവ് കരിപ്പായിൽ പരേതനായ ചെറിയാൻ ചാക്കോ കളരി മർമ ചികിത്സകനായിരുന്നു. പിതാവിൽനിന്നും ചില വിദ്യകൾ ജോസഫിന് ലഭിച്ചെങ്കിലും ദേഷ്യക്കാരനായതിനാൽ തനിക്ക് അധികമൊന്നും പിതാവ് പകർന്നുനൽകിയില്ലെന്നും മൂത്ത ജ്യേഷ്ഠനെ എല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. അമ്മ പരേതയായ മറിയാമ്മ. പത്താംതരം ആലപ്പുഴ ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പാസായശേഷം തിരുവല്ല ഇൻഫന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നെങ്കിലും ഒരുവർഷത്തിനുശേഷം അസുഖംമൂലം സെമിനാരി വിട്ടു. അന്നത്തെ റെക്ടർ ഫാ. ജോർജ് ചുണ്ടേവാലേൽ ആണ് തിരുവല്ല രൂപതയുടെ കാലംചെയ്ത മെത്രാർ ഗീവർഗീസ് മാർ തിമോത്തിയോസ് തീരുമേനിയെന്ന് ജോസഫ് ഓർക്കുന്നു.
ചങ്ങനാശേരി എസ്ബി കോളജിൽ പ്രീഡിഗ്രി പഠിച്ച ജോസഫിന്റെ ഇംഗ്ലീഷ് അധ്യാപകൻ പ്രഫ. എ.ഇ. അഗസ്റ്റിനായിരുന്നു. സാന്പത്തിക ബുദ്ധിമുട്ടിനേതുടർന്ന് തുടർപഠനം ഉപേക്ഷിച്ച ജോസഫിന് അമ്മ മറിയാമ്മയുടെ ഇടപെടീൽ നിമിത്തം പിതാവ് നൽകിയ ഹീറോ പേനയാണ് തനിക്ക് എല്ലാറ്റിനും പ്രചോദനമായതെന്ന് പറഞ്ഞു. 2005 മുതൽ കുടുംബമായി അമേരിക്കയിലെ മിസൗറിയിലാണ് താമസം. വർഷത്തിലൊരിക്കൽ നാട്ടിലെത്തുന്പോൾ തന്നേ നിലനിർത്തിയ ആ ടൈപ്പ് റൈറ്റർ തൂത്ത് മിനുക്കി എണ്ണയിട്ട് വിഷയങ്ങൾ ടൈപ്പ് ചെയ്യും. പാവപ്പെട്ടവരേയും വേദനിക്കുന്നവരേയും സഹായിക്കാനും ജോസഫ് മറക്കില്ല. കുമളി അമരാവതി പുതുപ്പറന്പിൽ ക്ലാരമ്മയാണ് ഭാര്യ. ദീപ, ദീപ്തി, ദിന്യ എന്നിവർ മക്കളാണ്.