മൂന്നാർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അനധികൃത ഹോംസ്റ്റേകൾക്കെതിരേ പഞ്ചായത്ത് സെക്രട്ടറി നടപടികൾ ആരംഭിച്ചു. മൂന്നാർ കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില കോട്ടേജുകളിൽ വിദേശികളെയടക്കം സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ താമസിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണന്റെ നേത്യത്വത്തിൽ കൂടിയ യോഗത്തിൽ ഇത്തരം കോട്ടേജുകൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. തുർന്നാണ് സബ് കളക്ടർ മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്. ഇന്നലെ മൂന്നാർ കോളനിയിൽ നടത്തിയ പരിശോധനയിൽ ഏഴു കെട്ടിടങ്ങൾ അനധികൃതമായി സന്ദർശകരെ കയറ്റുന്നതായി കണ്ടെത്തി. ഇവയ്ക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകി.
മൂന്നാർ ടൗണ്‍ കേന്ദ്രീകരിച്ച് നൂറിലധികം കോട്ടേജുകളാണ് പ്രവർത്തിക്കുന്നത്. ഇത്തരം കെട്ടിടങ്ങളിൽ എത്തുന്ന വിദേശികളുടെയടക്കമുള്ളവരുടെ പേരുവിവരങ്ങൾ ഉടമകൾ വാങ്ങുന്നില്ല. കൊവിഡിന്റെ പശ്ചാതലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം കോട്ടേജുകൾ പുട്ടുകയാണ് അധികൃതരുടെ ലക്ഷ്യം. കെട്ടിടങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ മൂന്നാർ ഡിവൈഎസ്പി, സബ് കളക്ടർ എന്നിവർക്ക് കൈമാറുമെന്ന് സെക്രട്ടറി അറിയിച്ചു.