തൊടുപുഴ:ചിന്നക്കനാലിൽ 32 ഏക്കറിലധികം വരുന്ന സർക്കാർ ഭൂമി തട്ടിയെടുക്കാൻ റവന്യൂ-ഭൂമാഫിയ സംഘം ആസൂത്രിത ശ്രമം നടത്തിയതായി അന്വേഷണ റിപ്പോർട്ട്.ജില്ലയിലെ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയും അവർക്ക് അർഹമായ പല അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ പേരിൽ പട്ടയത്തിനു അപേക്ഷ നൽകി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി തട്ടിപ്പിനു ശ്രമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.കോടതി ഇടപെടലിനെ തുടർന്ന് ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ എം.പി.വിനോദ് അന്വേഷണം നടത്തി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചകൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്.ആനയിറങ്കൽ ഡാമിനു സമീപം ഏറെ ടൂറിസം സാധ്യതകളുള്ള ഭൂമിയാണ് തട്ടിയെടുക്കാൻ ശ്രമം നടന്നത്.ചിന്നക്കനാൽ വില്ലേജിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഇവിടുത്തെ പട്ടയ വിതരണ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.ഇതിനിടെയാണ് ഈ സ്ഥലത്തിന് വേണ്ടി രാജകുമാരി ഭൂമി പതിവ് കാര്യാലയത്തിൽ അപേക്ഷ ലഭിച്ചത്.അപേക്ഷ തങ്ങളുടെ പരിധിയിൽ അല്ലെന്നു ചൂണ്ടിക്കാട്ടി സ്പെഷൽ തഹസിൽദാർ തള്ളിയതോടെ അപേക്ഷകരായ എട്ടു പേരും ഹൈക്കോടതിയെസമീപിക്കുകയായിരുന്നു.അപേക്ഷയിൽ ചേർത്തിരിക്കുന്ന വിവരങ്ങളിൽ സംശയം തോന്നിയ അഡീഷണൽ അഡ്വക്കേറ്റ്ജനറൽ രഞ്ജിത്ത് തന്പാനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.തുടർന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.ചിന്നക്കനാൽ വില്ലേജിലെ സർവെ നന്പർ 20/1 ൽപ്പെട്ട ഭൂമിക്കാണ് 2019 മാർച്ച് ഏഴിന് എട്ടു പേരുടെ പേരിൽ ഒരുമിച്ച് അപേക്ഷ സമർപ്പിച്ചത്.എട്ടുപേർക്കും നാലേക്കർ വീതം ഭൂമിക്കുള്ള പട്ടയ അപേക്ഷയാണ് നൽകിയിരുന്നത്.കരിമണ്ണൂർ ഭൂമി പതിവ് കാര്യാലയത്തിലെ മുൻ ഉദ്യോഗസ്ഥനും മറ്റൊരാളുമാണ് അപേക്ഷയുമായെത്തിയത്.അപേക്ഷ നിരസിച്ചുകൊണ്ടുള്ള മറുപടി ഉടൻ തന്നെ സ്പെഷൽ തഹസിൽദാർ പിറ്റേന്നു തന്നെ കൈമാറുകയും ചെയ്തു.വിശദമായി പരിശോധിക്കുന്നതിനായി ക്ലർക്കിന് കൈമാറിയപ്പോൾ തിയതിയോ സെക്ഷനോ അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നില്ല.അപേക്ഷ ചിന്നക്കനാൽ വില്ലേജായതിനാൽ നിരസിച്ചുകൊണ്ടുള്ള മറുപടി മാത്രം നൽകുകയായിരുന്നു.അപേക്ഷകരുടെ അഡ്രസ് ഉണ്ടെന്നിരിക്കെ മറുപടി കൃത്യമായി തപാലിൽ അയയ്ക്കാതെ ഒരാൾക്ക് ഒരുമിച്ച് നൽകിയത് ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അപേക്ഷകരിൽ ആറു പേർ കോട്ടയം ജില്ലക്കാരും മറ്റു രണ്ടുപേർ എറണാകുളം, മലപ്പുറം സ്വദേശികളുമാണ്.പട്ടയ അപേക്ഷയിൽ സ്ഥലത്തിന്റെ കൃത്യമായ അതിർത്തിയും രേഖപ്പെടുത്തിയിരുന്നു.ഈ ഭൂമിയിൽ യൂക്കാലിപ്റ്റസ്,ഗ്രാന്റീസ്, അക്കേഷ്യ,കാപ്പി, തൈലപ്പുല്ല് എന്നിവ കൃഷി ചെയ്തു വരികയായിരുന്നുവെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്.എന്നാൽ നേരിട്ട് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ എച്ച്എംഎല്ലിന്റെ യൂക്കാലിപ്റ്റസ് തോട്ടത്തിന് കിഴക്കായി അതിർത്തി തിരിക്കാതെ കാട് പിടിച്ച് പുല്ലുവളർന്ന് കിടക്കുന്ന ഭൂമിയാണിതെന്നു കണ്ടെത്തി.ഈ ഭൂമി ആരും കൈവശം വച്ച് കൃഷി ചെയ്തിട്ടില്ലെന്നും പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു.ഇവിടെയുള്ള സ്ഥലത്തിന് അപേക്ഷ നൽകിയാൽ പട്ടയം നൽകില്ലെന്ന് അറിയാം, എങ്കിലും അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടനടി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. അപേക്ഷകൾ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചാൽ 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം കൊടുക്കുന്നതിന് കോടതി നിർദേശിച്ചു എന്നു വ്യാഖ്യാനിച്ച് പട്ടയം അനുവദിക്കാമെന്ന തരത്തിൽ റവന്യൂ,സർവേ ജീവനക്കാരോ വിരമിച്ചവരോ നൽകിയ ഉപദേശമാണ് ഈ തട്ടിപ്പിനു പിന്നിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇത്തരത്തിൽ മറ്റു ഭൂമി തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.