അടിമാലി: മൂന്നാറിലെ തോട്ടം മേഖലകൾ കേന്ദ്രീകരിച്ച് ആളുകളെ കബളിപ്പിച്ച് പണംതട്ടാൻ ശ്രമം നടക്കുന്നതായി ആരോപണം.
മൂന്നാറിലെ ഗ്രഹാംസ്ലാന്റ് ഉൾപ്പെടെയുള്ള ചില ലയങ്ങളിലാണ് സംഘങ്ങൾ രൂപീകരിച്ച് തട്ടിപ്പ് നടക്കുന്നത്. ഓണ്‍ലൈൻ വഴി പണം അടച്ചാൽ 50000 രൂപ വായ്പ തരാമെന്ന് തമിഴ്നാട് സ്വദേശികളായ ആളുകൾ വീടുകളിലെത്തി പ്രചാരണം നടത്തുകയാണ്.
പത്തുപേരടങ്ങുന്ന ചെറുസംഘങ്ങൾ രൂപീകരിച്ച് ഓരോ അംഗവും 720 രൂപ വീതം 7200 രൂപ ഓണ്‍ലൈനായി നിക്ഷേപിക്കണമെന്നാണ് ഇവരുടെ ആവശ്യം. 7200 രൂപ നിക്ഷേപിച്ചാൽ ഓരോ അംഗങ്ങൾക്കും 50000 രൂപ വായ്പയായി നൽകാമെന്നും തവണകളായി തുക തിരിച്ചടച്ചാൽ മതിയെന്നും ഇവർ പറയുന്നു. നിരവധിപേർ ഇതിനോടകം പണം നിക്ഷേപിച്ചതായും സൂചനയുണ്ട്.