തൊടുപുഴ: കോവിഡ് 19-ന്റെ ഭീതിയിൽ യാത്രക്കാർ ബസ് യാത്ര ഒഴിവാക്കിത്തുടങ്ങിയതോടെ കെഎസ്ആർടിസി വരുമാന നഷ്ടം ഒഴിവാക്കാനായി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഇന്ധനത്തിനു ചെലവാകുന്ന തുക പോലും സർവീസിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർസി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്. തൊടുപുഴ ഡിപ്പോയിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉൾപ്പെടെ പത്തോളം സർവീസുകൾ ഇന്നലെ റദ്ദാക്കി. രാവിലെ 5.15നും 7.35നും ഉള്ള എറണാകുളം സർവീസ്, 5.20നുള്ള തിരുവനന്തപുരം എന്നീ ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് റദ്ദു ചെയ്തത്. ഇതിനു പുറമെയാണ് മറ്റു ഓർഡിനറി സർവീസുകൾ ഉൾപ്പെടെ മുടങ്ങിയത്. തൊടുപുഴ ഡിപ്പോയിൽ നിന്നും ദിവസേന ആറു ലക്ഷത്തിൽ കുറയാതെ വരുമാനമുണ്ടായിരുന്നു. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ദിവസേന ഒന്നര ലക്ഷത്തിനു മേൽ വരുമാനത്തിൽ ഇടിവുണ്ടായതായാണ് കണക്ക്. മറ്റു ഡിപ്പോകളിലും സമാനരീതിയിൽ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്.
ഇത് കെഎസ്ആർടിസിയെ വീണ്ടും കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചേക്കാനിടയുണ്ടെന്നാണ് സൂചന.