നെടുങ്കണ്ടം: ഉടുന്പൻചോലയിൽ സിപിഎം പ്രവർത്തകർ വീടുകയറി ആക്രമിച്ചതായി പരാതി. ദന്പതികൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി പ്രവർത്തകരായ ഉടുന്പൻചോല സിദ്ധൻപടി പേഴനാൽ സോമൻ(53), ഭാര്യ തങ്കമണി(51) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ജനുവരി 24-ന് ബിജെപി അടിമാലിയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസിൽ സോമനും തങ്കമണിയും പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുത്തതിനെതിരേ സിപിഎം പ്രവർത്തകർ സോമനെയും കൂടെയുണ്ടായിരുന്നവരേയും ഭീഷണിപ്പെടുത്തിയതായി തങ്കമണി ഉടുന്പൻചോല സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇരുവിഭാഗത്തേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തുന്നതിനിടെ സ്റ്റേഷനുള്ളിൽ സിപിഎം നേതാക്കൾ തങ്കമണിയെ കൈയേറ്റംചെയ്യാൻ ശ്രമിച്ചതായും പറയുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ എട്ടംഗ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. ഈസമയം വീട്ടിൽ തങ്കമണി മാത്രമാണുണ്ടായിരുന്നത്.
വീട്ടിൽ സംഘർഷം നടക്കുന്നതറിഞ്ഞാണ് പുറത്തുപോയിരുന്ന സോമൻ എത്തിയത്. തങ്കമണിക്കും സോമനും പരിക്കേറ്റതോടെ പ്രദേശ വാസികൾ വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി ഇരുവരേയും സ്റ്റേഷനിൽ എത്തിച്ച് മൊഴിപ്രകാരം കേസെടുത്തു. ഇതിനിടെ സോമൻ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ സോമനെ ആശുപത്രിയിൽ എത്തിച്ചു.