പത്തനംതിട്ട: ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് അപകടകരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ അറിയിച്ചു. ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കുന്നവർ അവിടെത്തന്നെ സുരക്ഷിതമായി നിക്ഷേപിക്കണം. ഇതിനായി പ്രത്യേക കണ്ടെയ്നറുകൾ എല്ലാ ആശുപത്രികളിലും ഉണ്ട്.
യാതൊരു കാരണവശാലും ഇവ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കരുത്.
പൊതുജനങ്ങൾ സാധാരണഗതിയിൽ മാസ്ക് ഉപയോഗിക്കേണ്ടതില്ല.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതി. പൊതുസ്ഥലങ്ങളിലും മറ്റും ആളുകൾ വെറുതേ മാസ്ക് ധരിക്കുന്നതായി കാണുന്നുണ്ട്.
ഇവ അലക്ഷ്യമായി ഉപേക്ഷിക്കുകയാണെങ്കിൽ അതുകൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഡിഎംഒ അറിയിച്ചു.