കോഴഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കൊറോണ രാഗബാധയെ തുടർന്ന് നിരീക്ഷണത്തിലും ചികിത്സയിലുമായ രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും അവർക്കുവേണ്ട അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും അവലോകനയോഗം ചേർന്നു.
ജില്ലാ ആശുപത്രിയിൽ പത്ത് പേർ നിരീക്ഷണത്തിലും രോഗം സ്ഥിരീകരിച്ച രണ്ടു പേർ ഐസൊലേഷൻ വാർഡിലുമായുണ്ട്. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി അധികൃതർ അറിയിച്ചു.
ഇവർക്കുവേണ്ട ആഹാരവും വസ്ത്രവും ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങളും അടിയന്തരമായി എത്തിച്ചുകൊടുക്കുന്നതിനു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു. ഇതിനുവേണ്ട സാമ്പത്തിക സഹായം ജില്ലാ പഞ്ചായത്തിൽ നിന്നും നൽകുമെന്നും അറിയിച്ചു.
രോഗത്തിന്റെ തീക്ഷ്ണത കുറയുന്നതുവരെ ആശുപത്രിയിൽ വേണ്ട കരുതൽ നടപടികൾ ചെയ്യുന്നതിനു വേണ്ട നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു തീരുമാനമെടുത്തു.
പ്രത്യക സാഹചര്യം കണക്കിലെടുത്ത് രോഗപ്രതിരോധത്തിനാവശ്യമായ കൂടുതൽ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോ. അഭിലാഷ്, സ്റ്റോർ സൂപ്രണ്ട് ഡോ. സുരേഷ് കുമാർ,
ആർഎംഒ ഡോ.ജീവൻ, നേഴ്സിഗ് സൂപ്രണ്ട് ലതാ കുമാരി, വസന്തകുമാരി, ഹെഡ് നേഴ്സുമാർ, മറ്റ് ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.