അടൂർ: സ്വത്തുക്കൾ മക്കൾക്ക് നൽകിയതോടെ തെരുവിലകപ്പെട്ട പിതാവിന് അടൂർ മഹാത്മാ ജനസേവന കേന്ദ്രം അഭയം നൽകി. പള്ളിക്കൽ പഴകുളം പടിഞ്ഞാറ് മുറിയിൽ പോത്തറയിൽ വടക്കേ കല്ലുവിളയിൽ രവിയെ(65) യെയാണ് പഞ്ചായത്തംഗം കെ.ബിജുവിന്റെ സഹായത്തോടെ മഹാത്മയിലെത്തിച്ചത്.
സംരക്ഷണം നൽകാമെന്നു പറഞ്ഞ് മക്കൾ വസ്തുക്കൾ സ്വന്തം പേരിൽ എഴുതിവാങ്ങിയശേഷം തന്നെ കബളിപ്പിച്ച് ഇറക്കിവിടുകയായിരുന്നുവെന്ന് രവിയുടെ പരാതിയിൽ പറയുന്നു.
രോഗബാധിതനായി തെരുവിൽ കഴിഞ്ഞിരുന്ന രവിയെ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ മഹാത്മയിലെത്തിക്കുകയായിരുന്നു.
രവിക്ക് എല്ലാ നിയമപരിരക്ഷയും ഉറപ്പാക്കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. അടൂർ ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട്.