പത്തനംതിട്ട: കോവിഡ് 19 ഭീതി യിൽ ആശങ്കയിലായ ജനജീവിതം സാധാരണനിലയിലെത്തിക്കാൻ ദിവസങ്ങൾ വേണ്ടിവന്നേക്കും. പത്തനംതിട്ട, റാന്നി, കോഴഞ്ചേരി ടൗണുകളിലാണ് പ്രതിസന്ധിയുടെ ആഴം കൂടുതലായി കാണാനുള്ളത്. തിരുവല്ല, അടൂർ, പന്തളം ടൗണുകളിലും തിരക്ക് നന്നേ കുറഞ്ഞു. വ്യാപാരമേഖലയിലും വില്പന ഇടിഞ്ഞു.മൂന്ന് ടൗണുകളും ഏറെക്കുറെ വിജനമായ നിലയിലാണ്.
ടൗൺ മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഹോട്ടലുകൾ ഉൾപ്പെടെ അട ഞ്ഞുകിടക്കുകയാണ്. പരീക്ഷയ്ക്കുള്ള സ്കൂൾ വിദ്യാർഥികൾ മാത്രമാണ് നിരത്തുകളിലുള്ളത്. ബസ് സ്റ്റാൻഡുകളിലും ആളുകൾ കുറവ്. ബസുകളിൽ യാത്രക്കാരില്ല. തുറന്നുവച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളെത്തുന്നില്ല. വഴിയോര കച്ചവടക്കാർ നാടുവിട്ടു. പെട്രോൾ പന്പുകളിൽ തിരക്കില്ല. ഓഫീസുകളിൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞു. അക്ഷയ കേന്ദ്രങ്ങൾ അടച്ചതോടെ സർക്കാർ മേഖലയിലേതുൾപ്പെടെ പല നടപടികളും തടസപ്പെട്ടു. കോടതികളിൽ അടിയന്തര കേസുകൾ മാത്രമായതോടെ അവിടെയും തിരക്ക് കുറഞ്ഞു.
ഇന്നുവരെയാണ് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നതെങ്കിലും സാധാരണനിലയിലേക്ക് നാടിനെ തിരികെ എത്തിക്കാൻ ഇനി ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. ജില്ലയുടെ പല ഭാഗങ്ങളിലായി നിരവധിയാളുകൾ കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നതാണ് കാരണം. പൊതുപരിപാടികൾ എല്ലാം നിർത്തിവച്ചതിനൊപ്പം ദേവാലയങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും നാമമാത്രമായി.
വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് പൊതുസമൂഹം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ പോലും ലളിതമാക്കാൻ പലരും തയാറെടുക്കുന്നു. മറ്റ് വ്യക്തിഗത ആഘോഷങ്ങളും ഒഴിവാക്കി. സംസ്കാര ചടങ്ങുകളിൽ പോലും ആളുകൾ വളരെ കുറച്ചു മാത്രമേ എത്തുന്നുള്ളൂ.