പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. നിലവില്‍ ഏഴു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
വലിയഅളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും. രോഗലക്ഷണമുള്ള 24 പേരുടെ പരിശോധന പത്തെണ്ണവും നെഗറ്റീവായിരുന്നു. 10 ന് അയച്ച 12 പേരുടെ ഫലം ഇന്നു ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
റാന്നിയിലും പന്തളത്തും ഐസലേഷന്‍ വാർഡുകൾ
കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ അടഞ്ഞുകിടക്കുന്ന റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന് , പന്തളം അര്‍ച്ചന ആശുപത്രികളിൽ ഐസൊലേഷന്‍ വാർഡുകൾ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അടിയന്തര സാഹകര്യമുണ്ടായാല് നേരിടുന്നതിനാണ് ഇത്.
ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍വേണ്ടി കോന്നി മെഡിക്കല്‍ കോളജ്, മേനാംതോട്ടം മെഡിക്കല്‍ മിഷന്, റാന്നി അയ്യപ്പ ആശുപത്രി എന്നിവിടങ്ങളില്‍ കളക്ടർ നേരിട്ടു സന്ദർശനം നടത്തിയിരുന്നു.ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തരഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ സജ്ജീകരിക്കാനാകും. പന്തളം അര്‍ച്ചന ആശുപത്രിയില്‍ 32 മുറികളും ലഭ്യമാണ്.
അര്‍ച്ചനാ ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസൊലേഷനായി ഉപയോഗിക്കുക. ആശുപത്രി വൃത്തിയാക്കി നല്‍കുന്നതിനായി എല്ലാ സഹായങ്ങളും പന്തളം നഗരസഭാ അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകളെ ഐസൊലേറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ആശുപത്രികളാണിതെന്നും കളക്ടര്‍ പറഞ്ഞു.
തിരുവല്ല സബ്കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ സതി, വൈസ് ചെയര്മാന് ആര്. ജയന് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ കളക്ടർക്കൊപ്പമുണ്ടായിരുന്നു.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം: ഡിഎംഒ
പത്തനംതിട്ട: ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള 900 പേര് ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു.
നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ വൈറസ് മറ്റുള്ളവരിലേക്കു പടരാനുള്ള സാഹചര്യമുണ്ട്. ഐസലേഷനിലുള്ളവര്‍ക്ക് മെഡിക്കല്‍ സഹായം ആരോഗ്യ വിഭാഗവും മറ്റു സഹായങ്ങള്‍ പഞ്ചായത്തുകളും നല്‍കും. 28 ദിവസം വീടുകളില്‍ ആളുകള്‍ കഴിയുന്നത് അവര്‍ക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയാണ്. ഭീതിയുടെ ആവശ്യമില്ല. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന് നിലയിലാണ് ഈ നിയന്ത്രണങ്ങളെന്നും എല്ലാവരും സഹകരിക്കണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.
സഹായത്തിനു കൂടുതല്‍ മെഡിക്കല്‍ സംഘങ്ങള്‍
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി കൂടുതല്‍ മെഡിക്കല്‍ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, കൊല്ലം ട്രാവന്കോര് മെഡിക്കല്‍ കോളജ്, കൊല്ലം മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ്, മൗണ്ട് സിയോണ്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും കമ്യൂണിറ്റി മെഡിസിന് പ്രഫസര്‍മാര്‍, പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരാണ് എത്തിയിട്ടുള്ളതെന്ന് ഡിഎംഒ പറഞ്ഞു.
ഏകാന്തതയിൽ 28 ദിവസം, വേണ്ടത് മാനസിക പിന്തുണ
പത്തനംതിട്ട: കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. സ്വന്തം വീട്ടിലാണെങ്കിലും ഉറ്റവരുടെ സാമീപ്യമില്ലാതെയും പുറംലോകം കാണാതെയും 28 ദിവസങ്ങള്‍.
അവര്‍ ഈ ഏകാന്തത അനുഭവിക്കുന്നത് അവരുടെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല. മുഴുവന്‍ സമൂഹത്തിനും വേണ്ടിയാണ്. അതിനാല്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്കാന് നമുക്ക് ബാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ.
അവര്‍ക്ക് വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും.
ഇത് അവര്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശഭര ണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്നും ഡിഎംഒ പറഞ്ഞു.